Friday, July 24, 2026
Kerala News

സ്‌പോട്ട് ബുക്കിങ് നിയന്ത്രണം; ഇന്നലെ മല ചവിട്ടിയത് 87,585 ഭക്തര്‍

സ്‌പോട്ട് ബുക്കിങ് നിയന്ത്രണം; ഇന്നലെ മല ചവിട്ടിയത് 87,585 ഭക്തര്‍

ശബരിമല മണ്ഡലകാല തീര്‍ഥാടനം പുരോഗമിക്കവേ, സന്നിധാനത്ത് തീര്‍ഥാടകരുടെ തിരക്ക് തുടരുന്നു. ഇന്നലെ മാത്രം 87,585 ഭക്തരാണ് ദര്‍ശനത്തിനായി സന്നിധാനത്തെത്തിയത്. സ്പോട്ട് ബുക്കിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് തിരക്കില്‍ നേരിയ കുറവുണ്ടായത്.

തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനായി സന്നിധാനത്തെ തിരക്ക് വിലയിരുത്തിയ ശേഷമായിരിക്കും കൂടുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതില്‍ തീരുമാനമെടുക്കുക. ഇതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് സന്നിധാനത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. എരുമേലിയില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ അവലോകനയോഗവും നടക്കും

ശബരിമലയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തിരക്കാണ് മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ത്തന്നെ സന്നിധാനത്ത് അനുഭവപ്പെട്ടത്. എന്നാല്‍ കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പ മുതല്‍ തീര്‍ഥാടകരെ ഘട്ടംഘട്ടമായി കടത്തിവിട്ടതിനാല്‍ എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ സാധിച്ചു. ആദ്യ ദിനങ്ങളില്‍ ഇതര സംസ്ഥാനത്തുനിന്നുള്ള തീര്‍ഥാടകരായിരുന്നു അധികമെങ്കില്‍, നിലവില്‍ കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.

മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് ഭക്തര്‍ക്കായി പമ്പയില്‍നിന്നും അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. ഇതിനായി 67 ബസുകള്‍ക്കാണ് പെര്‍മിറ്റ് ലഭിച്ചത്.

തമിഴ്നാട്ടിലെ ഏഴു കേന്ദ്രങ്ങളിലേക്കാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, പഴനി, തെങ്കാശി, കന്യാകുമാരി, കമ്പം, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ഇതിനുപുറമെ, ബംഗളൂരുവിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. മണ്ഡലകാലത്തേക്ക് പൂള്‍ ചെയ്തിരിക്കുന്ന ബസുകള്‍ക്കാണ് പെര്‍മിറ്റ് ലഭിച്ചിട്ടുള്ളത്.

അടുത്ത ആഴ്ചയോടെ തമിഴ്നാട്ടിലേക്കുള്ള സര്‍വീസ് ആരംഭിക്കും. ബംഗളൂരു സര്‍വീസ് ഡിസംബര്‍ പകുതിയോടെ തുടങ്ങാനാണ് പദ്ധതി. നട തുറന്ന് പത്ത് ദിവസം പിന്നിട്ടപ്പോള്‍ തീര്‍ഥാടകര്‍ക്ക് പമ്പയിലേക്കും തിരിച്ചുമായി അയ്യായിരത്തിലധികം ദീര്‍ഘദൂര സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിയത്. റെക്കോര്‍ഡ് വരുമാനമാണ് ഇതിലൂടെ കോര്‍പ്പറേഷന് ലഭിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment