Friday, July 24, 2026
Kerala News

കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

 കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം:  ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ വോട്ടര്‍ പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ നിര്‍ണായക ഹര്‍ജികള്‍ പരിഗണിക്കുന്നത്. SIR നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും.

സംസ്ഥാന സര്‍ക്കാരിന് പുറമെ സി.പി.ഐ.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടികാ ശുദ്ധീകരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിന്റെ പേരില്‍ നടത്തപ്പെടുന്ന തീവ്ര പരിഷ്‌കരണ നടപടികള്‍ സാധാരണ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും, ഈ പ്രക്രിയ നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം. കണ്ണൂരിലെ ബി.എല്‍.ഒയുടെ (ബൂത്ത് ലെവല്‍ ഓഫീസര്‍) ആത്മഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, ബി.എല്‍.ഒമാര്‍ക്ക് ഉണ്ടാകുന്ന അമിതമായ തൊഴില്‍ സമ്മര്‍ദ്ദവും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജികളെ ഭരണപരമായ പ്രശ്‌നമായാണ് കോടതിയില്‍ ഉന്നയിക്കുക. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ SIR പ്രക്രിയ തുടരുന്നത് പ്രായോഗികമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വാദം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങളില്‍ തിരക്കിലായിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് SIR നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

ഈ ഹര്‍ജികളില്‍ നേരത്തെ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടിയിരുന്നു. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിന്റെ ഭരണഘടനാപരമായ സാധുത, സമയക്രമം, ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും. സുപ്രീം കോടതിയുടെ ഇന്നത്തെ വിധി സംസ്ഥാനത്തെ രാഷ്ട്രീയ-ഭരണ രംഗത്ത് നിര്‍ണ്ണായകമാകും.


Related News

Comments

No comments yet. Be the first to comment!

Leave a Comment