ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് സ്വദേശിയായ യുവതിയെ ഷാങ്ഹായ് വിമാനത്താവളത്തില്‍ 18 മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ചൈനയ്ക്ക് ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. യാത്രക്കാരിയെ തടഞ്ഞുവച്ച നടപടി അസംബന്ധവും അസ്വീകാര്യവുമാണെന്ന് ഇന്ത്യ ചൈനീസ് അധികൃതരെ അറിയിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും, അരുണാചല്‍ സ്വദേശിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
ലണ്ടനില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ ചൈനയിലെ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിലാണ് അരുണാചല്‍ സ്വദേശിയായ പ്രേമ തോങ്‌ഡോക്ക് എന്ന യുവതിക്ക് ദുരനുഭവമുണ്ടായത്. പാസ്‌പോര്‍ട്ടില്‍ ജനനസ്ഥലമായി അരുണാചല്‍ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ലെന്നുമാണ് വിമാനത്താവള അധികൃതര്‍ വാദിച്ചത്. സാധുവായ വിസ ഉണ്ടായിരുന്നിട്ടും 18 മണിക്കൂറോളമാണ് യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അസാധുവായി പ്രഖ്യാപിച്ച അധികൃതര്‍, ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്പോര്‍ട്ട് എടുക്കണം എന്ന മറുപടിയാണ് യുവതിക്ക് നല്‍കിയത്. ഒടുവില്‍, ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സഹായം തേടിയെങ്കിലും യാത്ര തുടരാന്‍ അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് തായ്ലന്‍ഡ് വഴി യുവതിക്ക് ഇന്ത്യയിലേക്ക് വിമാനം ബുക്ക് ചെയ്യേണ്ടി വന്നു. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ടെന്ന് യുവതി അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment