Friday, July 24, 2026
Kerala News

എത്യോപ്യന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം: നെടുമ്പാശ്ശേരി വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെടും

എത്യോപ്യന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം: നെടുമ്പാശ്ശേരി വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെടും


എത്യോപ്യയിലെ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഇന്നും തടസപ്പെടാന്‍ സാധ്യത. അഗ്നിപര്‍വത ചാരവും പുകയും വിമാനങ്ങള്‍ക്ക് യന്ത്രത്തകരാറുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രശ്‌നബാധിത മേഖലകള്‍ ഒഴിവാക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നറിയിപ്പ് നല്‍കി.

ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയര്‍ സര്‍വീസും ദുബായിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു. രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ സര്‍വീസും ഇന്നത്തേക്ക് പുനക്രമീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, ജിദ്ദയിലേക്കുള്ള സര്‍വീസ് റദ്ദാക്കിയത് ഉംറ തീര്‍ത്ഥാടകരെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആകാശ എയര്‍ നവംബര്‍ 24, 25 തീയതികളിലെ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ചു.

ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി പൊട്ടിത്തെറിച്ച എത്യോപ്യയിലെ അഫാര്‍ മേഖലയിലുള്ള ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതമാണ് ഈ പ്രതിസന്ധിക്ക് കാരണം. സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്കുയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടല്‍ കടന്ന് യെമന്‍, ഒമാന്‍ എന്നിവിടങ്ങളിലൂടെ വടക്കന്‍ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങള്‍ ഇപ്പോള്‍ ഡല്‍ഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുന്നതായാണ് വിവരം.










Related News

Comments

No comments yet. Be the first to comment!

Leave a Comment