Friday, July 24, 2026
Kerala News

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ വ്യക്തതാ വാദം തുടരുകയാണ്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു. ഏഴ് വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ ഒരുങ്ങുന്നത്.

2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ടു. 2017 ജൂലൈ 10ന് നടന്‍ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി. 2017 ഒക്ടോബര്‍ 3ന് 85 ദിവസത്തിന് ശേഷം എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.

2017 നവംബറില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2018 മാര്‍ച്ച് 8ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു.

2018 ജൂണില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളി. കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയാകാന്‍ 4.5 വര്‍ഷം സമയമെടുത്തു. 2024 ഡിസംബര്‍ 11ന്  കേസിലെ അന്തിമവാദം ആരംഭിച്ചു. 2025 ഏപ്രില്‍ 7ന്  സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. 2025 ഏപ്രില്‍ 9ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂര്‍ത്തിയായി.

വിചാരണയുടെ അവസാന ഘട്ടത്തില്‍ കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നല്‍കിയ മറുപടികള്‍ക്ക്‌മേലുള്ള വ്യക്തതാ വാദമാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകും.


Related News

Comments

No comments yet. Be the first to comment!

Leave a Comment