Friday, July 24, 2026
India News

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

ന്യൂഡല്‍ഹി:  ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ 7 വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളില്‍ നിന്നുള്‍പ്പെടെ പ്രതിനിധികള്‍ പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുത്തു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹം പദവിയില്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ.പി.നഡ്ഡ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. 

ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് സുപ്രീംകോടതിയുടെ ഉന്നത പദവിയിലേക്ക് എത്തുന്ന 63-കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു. ഹരിയാന സ്വദേശിയായ സൂര്യകാന്ത് 1984ല്‍ റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍നിന്നാണ് നിയമബിരുദം നേടിയത്. ഹിസാറിലെ ജില്ലാ കോടതിയില്‍ പ്രാക്ടിസ് ആരംഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കു മാറി. സര്‍വീസ് സംബന്ധിയായ കേസുകളിലൂടെ പേരെടുത്തു. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലാകുമ്പോള്‍ പ്രായം 38 വയസ്സായിരുന്നു. തൊട്ടടുത്ത വര്‍ഷം സീനിയര്‍ അഭിഭാഷക പദവി ലഭിച്ചു. 2004ല്‍ 42-ാം വയസ്സില്‍, ഹൈക്കോടതി ജഡ്ജിയായി. 

2018ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ സൂര്യകാന്ത് 2019ലാണ് സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ടത്.  ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലും ഇലക്ടറല്‍ ബോണ്ട്, പെഗാസസ് ചാര സോഫ്റ്റ് വെയര്‍ തുടങ്ങിയ നിര്‍ണ്ണായക വിഷയങ്ങളിലെ വിധിന്യായങ്ങളുടെ ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്ത് പ്രവര്‍ത്തിച്ചു. പ്രതിരോധസേനകള്‍ക്കായുള്ള വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ശരിവച്ചതും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സ്വമേധയാ കേസ്സെടുത്ത് നടപടി ആരംഭിച്ചതും ജസ്റ്റിസ് സൂര്യകാന്ത് ആയിരുന്നു.

കോളജ് പ്രിന്‍സിപ്പലായി വിരമിച്ച സവിതയാണ് ഭാര്യ. മുഗ്ധയും കനുപ്രിയയും മക്കള്‍.






Related News

Comments

No comments yet. Be the first to comment!

Leave a Comment