Friday, July 24, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. പത്മകുമാറിനെ ചോദ്യം ചെയ്തതില്‍നിന്ന് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

സാക്ഷിമൊഴികളും കൃത്യമായ തെളിവുകളും ശേഖരിച്ച ശേഷമാണ് എസ്.ഐ.ടി. പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. താന്‍ ദൈവതുല്യം കാണുന്നവര്‍ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഉണ്ടെങ്കില്‍ എന്തുചെയ്യാനാകുമെന്ന പത്മകുമാറിന്റെ മുന്‍ പ്രതികരണം കൂടുതല്‍ ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. ഈ ദൈവതുല്യന്‍ ആരാണെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്. പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്മകുമാറിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ രാഷ്ട്രീയ സംഘടനകള്‍ ഇതുവരെ പരസ്യ പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, മാനദണ്ഡങ്ങള്‍ ബാധകമല്ലാത്ത ഹൈന്ദവ സംഘടനകള്‍ ഉള്‍പ്പെടെ വീട്ടിലേക്ക് പ്രതിഷേധം നടത്താനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാല്‍, ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് വീട്ടിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment