തിരുവനന്തപുരം: തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.ഐ.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ടു പ്രധാന സിപിഐഎം നേതാക്കള്‍ നേരിട്ട് ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും കോര്‍പ്പറേഷനിലെ ചില സിപിഐഎം അനുകൂല ഉദ്യോഗസ്ഥരും ഈ പ്രവൃത്തിയില്‍ പങ്കാളികളായതായും അദ്ദേഹം ആരോപിച്ചു.
വിഷയം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഇല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.
വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിലൂടെ പുനഃസ്ഥാപിച്ചതാണ് ഏറ്റവും വലിയ തെളിവ് എന്നും സതീശന്‍ പറഞ്ഞു. സിപിഐഎം പ്രാദേശിക നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ഏകപക്ഷീയമായ തീരുമാനം എടുക്കുകയായിരുന്നുവെന്നും ഈ ഉദ്യോഗസ്ഥന്‍ സിപിഐഎമ്മിന്റെ ക്രിമിനല്‍ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയതാണെന്നും അദ്ദേഹം ആരോപിച്ചു.
വൈഷ്ണയുടെ പേരിനെ നീക്കം ചെയ്യാന്‍ യാതൊരു ന്യായീകരണവും ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment