Friday, July 24, 2026
Kerala News

എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹര്‍ജിക്കാര്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് മുന്‍പാകെ ഇന്ന് അറിയിച്ചതിനെ ചെയ്തതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ മറ്റന്നാള്‍ പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചത്.

വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ അടിയന്തര സ്റ്റേ ഏര്‍പ്പെടുത്തണമെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന് പുറമെ സി.പി.ഐ.എം., മുസ്ലിം ലീഗ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് എസ്.ഐ.ആര്‍. പ്രക്രിയക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അറിയിച്ചത്, മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ സമാനമായ എസ്.ഐ.ആര്‍. പ്രക്രിയ നിര്‍ത്തിവെച്ച സാഹചര്യം സുപ്രീം കോടതിയില്‍ പ്രധാന വാദമായി ഉന്നയിക്കുമെന്നാണ്.

കേരളത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ.) ആത്മഹത്യ ചെയ്ത സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹര്‍ജികളും സമര്‍പ്പിച്ചിരിക്കുന്നത്. എസ്.ഐ.ആര്‍. നടപടികളുടെ ഭാഗമായി ബി.എല്‍.ഒ.മാര്‍ക്ക് മേലുണ്ടായ സമ്മര്‍ദ്ദം ഈ ഹര്‍ജികളില്‍ പ്രധാന വിഷയമായി അവതരിപ്പിക്കും.

അതേസമയം, വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ, എസ്.ഐ.ആര്‍. നടപടികളുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി.ഇ.ഒ.) രത്തന്‍ യു. ഖേല്‍ക്കര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ബി.എല്‍.ഒ.മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്നും, അവര്‍ക്ക് ടാര്‍ഗറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ ഉത്തരവാദിത്തം പൂര്‍ത്തീകരിക്കണമെന്നും മഹത്തായ ലക്ഷ്യത്തിലേക്ക് എത്താന്‍ താനും തന്റെ ഓഫീസും രാപ്പകലില്ലാതെ ജോലി ചെയ്യുന്നുണ്ടെന്നും സി.ഇ.ഒ. കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് 97 ശതമാനത്തില്‍ കൂടുതല്‍ ഫോം വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനി ഫോമുകള്‍ തിരികെ ശേഖരിക്കുന്ന നടപടിയാണ് പൂര്‍ത്തിയാക്കാനുള്ളത്. ബൂത്ത് തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇന്നുമുതല്‍ യോഗം ചേര്‍ന്ന് ഈ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സി.ഇ.ഒ. അഭ്യര്‍ത്ഥിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment