Friday, July 24, 2026
India News

മഹാരാഷ്ട്രയില്‍ പുലി വന്ധ്യംകരണ പദ്ധതിക്ക് കേന്ദ്രാനുമതി

മഹാരാഷ്ട്രയില്‍ പുലി വന്ധ്യംകരണ പദ്ധതിക്ക് കേന്ദ്രാനുമതി

മുംബൈ: പുലി വന്ധ്യംകരണ പദ്ധതിക്കു സംസ്ഥാന സര്‍ക്കാരിനു കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് അനുമതി നല്‍കി. ഇതോടെ, വന്ധ്യംകരണത്തിലൂടെ പുലികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറും. അപേക്ഷ സമര്‍പ്പിച്ച് 17 മാസങ്ങള്‍ക്കു ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടിയുണ്ടായത്.

പുണെയിലെ ജുന്നാര്‍ മേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആദ്യം നടപ്പാക്കുക. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ജുന്നാറില്‍ മാത്രം 1,300-ഓളം പുലികളുണ്ട്. ജനവാസമേഖലകളിലേക്ക് പുലികള്‍ സ്ഥിരമായി ഇറങ്ങുകയും ആക്രമണങ്ങള്‍ പതിവാകുകയും ചെയ്ത സാഹചര്യത്തില്‍ പ്രദേശത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് പുലികളുടെ വന്ധ്യംകരണത്തിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചത്.

ആദ്യഘട്ടത്തില്‍, അഞ്ച് പെണ്‍പുലികളെ വന്ധ്യംകരണത്തിന് വിധേയമാക്കാനാണ് തീരുമാനം. ഈ നടപടി ഫലപ്രദമാണെന്ന് കണ്ടാല്‍ പദ്ധതി വ്യാപിപ്പിക്കും. കൊങ്കണ്‍ മേഖലകളിലും നാസിക്, പുണെ, ചന്ദ്രാപുര്‍ തുടങ്ങിയ ജില്ലകളിലും പുലിയിറങ്ങുന്നത് ഒരു പതിവ് കാഴ്ചയാണ്. പുണെയില്‍ ഏപ്രില്‍ മാസം മുതല്‍ ഇതുവരെ 5 പേരാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വനം മന്ത്രി ഗണേഷ് നായിക്ക് നരഭോജി പുലികളെ കണ്ടാല്‍ വെടിവച്ചു കൊല്ലാന്‍ നിര്‍ദേശിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment