Friday, July 24, 2026
Kerala News

ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയം; സ്പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം

ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയം; സ്പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിയന്ത്രിതമായ തീര്‍ത്ഥാടകത്തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ സ്‌പോട്ട് ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 20,000 പേര്‍ക്ക് മാത്രമായി തത്സമയ (സ്‌പോട്ട്) ബുക്കിംഗ് നിജപ്പെടുത്തി.

പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണ്. നിലയ്ക്കലാണ് നിലവില്‍ സ്പോട്ട് ബുക്കിംഗ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്പോട്ട് ബുക്കിംഗിനായി ആളുകള്‍ പമ്പയിലേക്ക് ഇടിച്ചുകയറിയെത്തിയതാണ് അനിയന്ത്രിതമായ തിരക്കുണ്ടാക്കിയിരുന്നത്. 

നിലവില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധിച്ച് വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്തെത്തി. പുലര്‍ച്ചയോടെയാണ് സംഘം ശബരിമലയിലെത്തിയത്. രണ്ടാം സംഘവും സന്നിധാനത്തേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്നുള്ള ഈ സംഘം രാത്രിയോടെ പമ്പയില്‍ എത്തും. ചെന്നൈയില്‍നിന്ന് നാല്‍പതംഗ സംഘമാണ് എത്തുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment