Friday, July 24, 2026
Kerala News

ആലപ്പുഴ റെയില്‍വേ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി

 ആലപ്പുഴ റെയില്‍വേ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി


ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍വേ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി. എറണാകുളം-ആലപ്പുഴ മെമു ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റിയതിന് പിന്നാലെ ട്രാക്ക് ശുചീകരണ തൊഴിലാളികളാണ് കാല്‍ ഭാഗം കണ്ടെത്തിയത്. വിവരം അറിഞ്ഞ റെയില്‍വേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിന്നും വേര്‍പെട്ട ശരീരഭാഗമാണ് ട്രെയിനില്‍ കുടുങ്ങിയതെന്നും പിന്നീട് ട്രാക്കില്‍ വീണതാകാമെന്നുമാണ് പൊലീസ് പ്രാഥമിക വിലയിരുത്തല്‍. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മെമു ട്രെയിന്‍ ആലപ്പുഴയില്‍ എത്തിയത്.

ആലപ്പുഴയില്‍ നിന്ന് കൊല്ലം, കോട്ടയം, ഷൊര്‍ണൂര്‍ വഴിയായി എറണാകുളം ഉള്‍പ്പെടെ വിവിധ ജില്ലകളിലൂടെയാണ് ഈ മെമു സര്‍വീസ് നടത്തുന്നത്. അതിനാല്‍ മറ്റു ജില്ലകളില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചയാളുടെ ശരീരഭാഗമായിരിക്കാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നു.

കണ്ടെത്തിയ ശരീരഭാഗത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. ട്രാക്കിനോട് ചേര്‍ന്നു മറ്റ് ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നു. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment