ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്‌ഐടി) പരിശോധന പുലര്‍ച്ചെയോടെ പൂര്‍ത്തിയായി. പരിശോധനയ്ക്ക് ശേഷം സംഘം സ്വര്‍ണ്ണ സാമ്പിളുകള്‍ ശേഖരിച്ചു. കട്ടിളപ്പാളി, ദ്വാരപാലകപീഠങ്ങള്‍, ശ്രീകോവിലിന്റെ നാലുവശത്തെയും കല്‍ത്തൂണുകളിലെ പാളികള്‍ എന്നിവയില്‍നിന്നുമാണ് എസ്‌ഐടി സംഘം സാമ്പിളുകള്‍ ശേഖരിച്ചത്.
സ്വര്‍ണ്ണപ്പാളികളുടെ അളവ്, തൂക്കം, ഗുണനിലവാരം എന്നിവയാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. രാസ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ഒരു സെന്റീമീറ്റര്‍ വ്യാപ്തിയിലാണ് സ്വര്‍ണ്ണം ശേഖരിച്ചിരിക്കുന്നത്. ശേഖരിച്ച സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി കാക്കനാട്ടെ മുഖ്യലാബിലേക്ക് അയക്കും. തിങ്കളാഴ്ച ഉച്ചപൂജയ്ക്ക് നടയടച്ചപ്പോള്‍ ഇവയെല്ലാം ഇളക്കിയെടുത്തായിരുന്നു പരിശോധന നടത്തിയത്. പരിശോധനയ്ക്കായി ഇളക്കിയെടുത്ത സോപാനത്തെ പാളികള്‍ തിരികെ സ്ഥാപിച്ചു.
എസ്‌ഐടി സംഘത്തലവന്‍ എസ്പി എസ് ശശിധരന്‍, സിഐ ആര്‍ ബിജു, ദേവസ്വം സ്ഷെഷ്യല്‍ കമീഷണറും കൊട്ടാരക്കര സെപ്ഷ്യല്‍ ജഡ്ജിയുമായ ആര്‍ ജയകൃഷ്ണന്‍ എന്നിവര്‍ പരിശോധനയ്ക്ക് മേല്‍നോട്ടം നല്‍കി. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ ടി ശങ്കരന്റെ മൂന്നുദിവസം നീണ്ട സന്നിധാനത്തെ പരിശോധനയും തിങ്കളാഴ്ച പൂര്‍ത്തിയായി. എസ്‌ഐടി സംഘം ഇന്ന് സന്നിധാനത്ത് നിന്നും മടങ്ങും.
Comments
No comments yet. Be the first to comment!
Leave a Comment