വര്‍ക്കലയില്‍ നിര്‍മ്മാണ തൊഴിലാളിയെ പോലീസ് കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ണായക ഉത്തരവിട്ടു. മര്‍ദനമേറ്റ കൊല്ലം ചാത്തന്നൂര്‍ സ്വദേശി സുരേഷിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസാണ് ഉത്തരവിറക്കിയത്. വര്‍ക്കല സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.
മര്‍ദനമേറ്റ സുരേഷിന് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കണം. ഈ തുക (ഒരു ലക്ഷം രൂപ) വര്‍ക്കല എസ്‌ഐ ആയിരുന്ന പി ആര്‍ രാഹുലില്‍ നിന്ന് ഈടാക്കി സര്‍ക്കാരിലേക്ക് അടക്കണം. രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍, 8 ശതമാനം പലിശ സഹിതം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് നിര്‍മ്മാണ തൊഴിലാളിയായ സുരേഷിനെ പോലീസ് പിടിച്ചു കൊണ്ടുപോയത്. തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ച് എസ്‌ഐ രാഹുല്‍ ക്രൂരമായി മര്‍ദിച്ചുവെന്നാണ് സുരേഷിന്റെ പരാതി.
സംഭവത്തില്‍ എസ്‌ഐക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം നിലവില്‍ നടന്നുവരികയാണ്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ആണ് അന്വേഷണം നടത്തുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വന്നതോടെ വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും നിര്‍ണായകമാകും. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് കമ്മീഷന്റെ ഈ നടപടിയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment