Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ള:  സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിപിഐഎം നേതാവും 2019-ലെ ദേവസ്വം പ്രസിഡന്റുമായിരുന്ന എ. പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. കേസില്‍ നിലവിലെ അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം, കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍. വാസു നിലവില്‍ റിമാന്‍ഡിലാണ്. ഇദ്ദേഹത്തെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. വാസുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് ഉടന്‍ തന്നെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ എസ്‌ഐടി തീരുമാനിച്ചു.

എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍. വാസുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. രേഖകളില്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്ന പ്രയോഗം ഒഴിവാക്കി പകരം ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയാണ് നവീകരണത്തിനായി ശുപാര്‍ശ നല്‍കിയത്. കൂടാതെ, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ഈ പാളികള്‍ കൊടുത്തുവിടാനുള്ള ഇടപെടല്‍ വാസുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും, ഇതുവഴി ദേവസ്വം ബോര്‍ഡിന് നഷ്ടം വരുത്തുകയും പ്രതികള്‍ക്ക് അന്യായമായ ലാഭം നേടിക്കൊടുക്കുകയും ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.

മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറിന്റെ മൊഴിയാണ് എന്‍. വാസുവിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായക വഴിത്തിരിവായത്. കേസില്‍ എസ്‌ഐടിയുടെ കസ്റ്റഡിയിലുള്ള സുധീഷ് കുമാറിനെ ഇന്ന് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള മുരാരി ബാബു നല്‍കിയ ജാമ്യാപേക്ഷ പിന്നീട് റാന്നി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ എന്‍. വാസു ഇന്നലെ മാധ്യമങ്ങളോട് വിസമ്മതിച്ചു.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിന്റെ അറസ്റ്റ് രാഷ്ട്രീയമായി ആയുധമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് ആശാന്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment