കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ കേരള ഘടകം അറിയിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാകും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക.
പ്രധാനമായും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തുകളിലാകും ഡിഎംകെ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉപ്പുതറ പഞ്ചായത്തില്‍ ആറ് വാര്‍ഡുകളിലും, ദേവികുളത്തെ ചിന്നക്കനാല്‍ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകളിലും മത്സരിക്കും. തമിഴ് വോട്ടര്‍മാര്‍ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
തമിഴ്‌നാട് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഇവിടുത്തെ തോട്ടം തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനുള്ള നീക്കങ്ങളും ഡിഎംകെ ആരംഭിച്ചിട്ടുണ്ട്. ഇത് വഴി തോട്ടം മേഖലയിലെ തമിഴ് വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാറിലും ഉപ്പുതറയിലും ഡിഎംകെ ഓഫീസുകള്‍ തുറന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോയ്സ് ജോര്‍ജ്ജിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റ് മുന്നണികളൊന്നും പിന്തുണ ആവശ്യപ്പെടാത്തതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment