ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം മിനുട്‌സ് ബുക്കില്‍ ക്രമക്കേട് നടന്നതായി ഹൈക്കോടതിയുടെ കണ്ടെത്തല്‍. 2025-ല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം മിനുട്‌സ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം ഇടക്കാല റിപ്പോര്‍ട്ടിലാണ് ദേവസ്വം ബോര്‍ഡിനെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ളത്.
കോടതി നിര്‍ദേശപ്രകാരം അന്വേഷണ സംഘം പിടിച്ചെടുത്ത മിനുട്‌സ് ബുക്ക് ഹാജരാക്കിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ ജൂലൈ 28 വരെയുള്ള മിനുട്‌സ് മാത്രമാണുള്ളത്. ഇതിനുശേഷം സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല. സ്വര്‍ണ്ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കി. കൂടാതെ, സ്വര്‍ണ്ണം തിരികെ എത്തിച്ചതിലും കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ട്.
നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവ് കൃത്യമായി പരിശോധിക്കുന്നതിനായി ശാസ്ത്രീയ പരിശോധന നടത്താന്‍ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുന്നതിനും എസ്.ഐ.ടി.ക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
Comments
No comments yet. Be the first to comment!
Leave a Comment