Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണ്ണക്കൊള്ള: രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും; എന്‍ വാസു പ്രതി പട്ടികയില്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും; എന്‍ വാസു പ്രതി പട്ടികയില്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 2019-ല്‍ മുന്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍. വാസുവിനെ മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

നേരത്തേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ദേവസ്വം ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തിരുന്നില്ല. എന്നാല്‍, എസ്.ഐ.ടിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍. വാസുവിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരം ഇന്ന് കോടതിയെ അറിയിക്കും. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി, ചെമ്പുപാളിയാണെന്ന് മഹസറില്‍ (പരിശോധനാ റിപ്പോര്‍ട്ട്) രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറായ എന്‍. വാസുവിന്റെ ശിപാര്‍ശപ്രകാരമാണ് എന്നാണ് എസ്.ഐ.ടിയുടെ പ്രധാന കണ്ടെത്തല്‍. ഇത് കേസിന്റെ ഗതിയില്‍ നിര്‍ണായകമായ വഴിത്തിരിവാണ്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. എസ്. ശശിധരന്‍ നേരിട്ടെത്തിയാകും. നിലവില്‍ കസ്റ്റഡിയിലുള്ള കേസിലെ പ്രധാന പ്രതികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്.ഐ.ടി. വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം പ്രസിഡന്റ് കൂടിയായിരുന്ന എന്‍. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി. തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, കേസില്‍ സംശയത്തിന്റെ നിഴലിലുള്ള വാസുവിന്റെ മുന്‍ പി.എയും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ഡി. സുധീഷ് കുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment