വര്‍ക്കല: ഓടുന്ന ട്രെയിനില്‍ നിന്ന് മദ്യപന്റെ ക്രൂരതയ്ക്ക് ഇരയായ 19 വയസ്സുകാരി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച യുവതിയെ ഇപ്പോള്‍ സര്‍ജറി ഐസിയുവിലേക്ക് മാറ്റി. നിലവില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ശ്രീക്കുട്ടിയുള്ളത്.
ആക്രമണത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായതിനാലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ആന്തരിക പരിക്കുകള്‍ സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ നടക്കും.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം പനിച്ചുമൂട് സ്വദേശിയാണ് പ്രതി. തമ്പാനൂര്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് ഇന്നലെ രാത്രി 11 മണിയോടെയാണ് രേഖപ്പെടുത്തിയത്.
പ്രകോപനമൊന്നുമില്ലാതെയായിരുന്നു സുരേഷ് കുമാര്‍ പെണ്‍കുട്ടിയോട് ക്രൂരത കാണിച്ചത്. ശുചിമുറിയില്‍ നിന്ന് പുറത്തുവന്ന ശ്രീക്കുട്ടിയെ ഇയാള്‍ പിന്നില്‍ നിന്ന് ചവിട്ടി ഓടുന്ന ട്രെയിനിന് പുറത്തേക്ക് വീഴ്ത്തുകയായിരുന്നു. സുരേഷ് സ്ഥിരം മദ്യപാനിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളുടെ അമിതമായ മദ്യപാനം കാരണം ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കമ്പിവേലി കെട്ടുന്ന ജോലിയാണ് ഇയാള്‍ക്ക്. തൊഴില്‍ അന്വേഷിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്. താന്‍ മദ്യപിച്ചിരുന്നതായി സുരേഷ് മാധ്യമങ്ങളോട് സമ്മതിച്ചെങ്കിലും, താന്‍ ചവിട്ടിയിട്ടില്ലെന്നും യുവതികള്‍ ഭ്രാന്ത് പറയുന്നെന്നുമാണ് ഇയാള്‍ മാധ്യമങ്ങളെ നോക്കി വിളിച്ചുപറഞ്ഞത്.
Comments
No comments yet. Be the first to comment!
Leave a Comment