ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദ്വാരപാലകരുടെ ശില്പങ്ങളിലെ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ ചെമ്പ് പാളികള്‍ എന്ന് രേഖകളില്‍ രേഖപ്പെടുത്തിയത് സുധീഷ് കുമാറാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കൂടാതെ, മഹസറില്‍ കൃത്രിമം കാട്ടിക്കൊണ്ട് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം തട്ടിയെടുക്കുന്നതിന് അവസരം നല്‍കുകയായിരുന്നു സുധീഷ് കുമാറെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.
2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പങ്ങള്‍ കൈമാറുന്ന സമയത്ത് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാര്‍. സ്‌പോണ്‍സറായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ അംഗീകരിക്കുന്നതിനുള്ള ശുപാര്‍ശ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചത് ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ്. സ്വര്‍ണ്ണം പൊതിഞ്ഞവയാണ് പാളികളെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും, അത് ഇളക്കി മാറ്റിയപ്പോഴും രേഖകളില്‍ ചെമ്പ് എന്ന് തന്നെയാണ് സുധീഷ് രേഖപ്പെടുത്തിയത്.
പാളികള്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയല്ലായിരുന്നിട്ടും, മഹസറില്‍ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേര്‍ത്തതും സുധീഷ് കുമാറാണെന്നതിന് തെളിവുകള്‍ ലഭിച്ചു. സ്വര്‍ണം മോഷ്ടിക്കാന്‍ മുരാരി ബാബുവിനൊപ്പം ചേര്‍ന്ന് ഇദ്ദേഹം സഹായം ചെയ്തുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
അറസ്റ്റിലായ സുധീഷ് കുമാറിനെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment