Tuesday, August 4, 2026
Kerala News

`കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും`: അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രവര്‍ത്തകര്‍; കാര്യമാക്കുന്നില്ലെന്ന് അന്‍വര്‍

`കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും`: അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രവര്‍ത്തകര്‍; കാര്യമാക്കുന്നില്ലെന്ന് അന്‍വര്‍


മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രവര്‍ത്തകര്‍. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നോടൊപ്പം ഉണ്ടാകുമെന്ന് അവകാശവാദം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അന്‍വറിനെതിരെ അതിരുകടന്ന ഭീഷണി മുദ്രാവാക്യവുമായി സി.പി.എം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. സി.പി.എം നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ടൗണിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.

ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും, പൊന്നേയെന്ന് വിളിച്ച നാവില്‍ പോടായെന്ന് വിളിക്കാനറിയാം തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ വിളിച്ചത്. തുടര്‍ന്ന് അന്‍വറിന്റെ കോലം കത്തിച്ചു. അന്‍വറിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. മലപ്പുറത്തെ 18 ഏരിയാ കമ്മിറ്റികളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ പ്രകടനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയില്ലെന്നും ആ അര്‍ത്ഥത്തിലേ പ്രകടനത്തെ കാണുന്നുള്ളൂ എന്നും പി.വി. അന്‍വര്‍ പറഞ്ഞു. താന്‍ പറയുന്നത് ശരിയാണെന്നു പ്രവര്‍ത്തകരുടെ മനസിലുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വരും ദിവസങ്ങളിലും അന്‍വറിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്നു നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും വിമര്‍ശിച്ച അന്‍വര്‍ മുഖ്യമന്ത്രിക്കു നേരെ തിരിഞ്ഞതോടെയാണു പാര്‍ട്ടി കൈവിട്ടത്. അന്‍വറുമായി ഇനി ബന്ധമില്ലെന്നു പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment