Sunday, July 26, 2026
Kerala News

ശബരിമല നട സെപ്റ്റംബര്‍ 16ന് തുറക്കും

 ശബരിമല നട സെപ്റ്റംബര്‍ 16ന് തുറക്കും

കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16ന് ശബരിമല നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നി മാസം ഒന്നിന് (സെപ്റ്റംബര്‍ 17) രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നട തുറക്കും. കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 21 ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബര്‍ 20ന് പമ്പയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ 20 ന് രാവിലെ 10.30 ന് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നന്നായി മൂവായിരത്തിലേറെ അയ്യപ്പ ഭക്തര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും.

അതേസമയം ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികള്‍ക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ല. അയ്യപ്പ സംഗമ നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.


Related News

Comments

No comments yet. Be the first to comment!

Leave a Comment