Monday, July 27, 2026
Kerala News

ശ്രീനാരായണഗുരുവിനെ മതസന്യാസിയായി ചുരുക്കാനുള്ള ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

 ശ്രീനാരായണഗുരുവിനെ മതസന്യാസിയായി ചുരുക്കാനുള്ള ശ്രമം നടക്കുന്നു:  മുഖ്യമന്ത്രി


തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ കേവലം മതസന്യാസിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഗുരുവിനെ ഹിന്ദുമത നവോത്ഥാനത്തിന്റെ നായകനായി അവതരിപ്പിക്കാന്‍ വര്‍ഗീയശക്തികള്‍ നടത്തുന്ന നീക്കങ്ങള്‍ ചരിത്രവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ചെമ്പഴന്തി ഗുരുകുലത്തില്‍ നടന്ന ശ്രീനാരായണ ഗുരുവിന്റെ 171-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഗുരുവിന്റെ നേതൃത്വത്തില്‍ ഉണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ് വര്‍ഗീയ ശക്തികളുടെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്യമത വിദ്വേഷത്തെ അലങ്കാരമായി കാണുന്ന ഇത്തരം ശക്തികളാല്‍ ഗുരുവിനെ അപഹരിക്കാന്‍ അനുവദിക്കരുത്. മത വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളെ ചേര്‍ന്ന് തോല്‍പ്പിക്കണം, മുഖ്യമന്ത്രി പറഞ്ഞു.

ഓണം ഉള്‍പ്പെടെയുള്ള ഉത്സവങ്ങളുടെ സങ്കല്‍പങ്ങള്‍ പോലും മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മഹാബലിയെ മറന്നു വാമനനെയാണ് ഓണത്തിന് ഓര്‍ക്കേണ്ടതെന്ന് പറയുന്ന പ്രവണത വളരുന്നു. ഇത്തരം അപകടങ്ങളെ തിരിച്ചറിയാതെ പോയാല്‍ ഓണമടക്കം എല്ലാം നഷ്ടപ്പെടും, അദ്ദേഹം വ്യക്തമാക്കി.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തില്‍ ഊന്നി നിന്നുകൊണ്ട് സമൂഹത്തിന് സംഭവിക്കാനിടയുള്ള അപകടങ്ങളെ ചെറുക്കാനുള്ള നേതൃത്വം ശിവഗിരി മഠം നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment