Monday, July 27, 2026
Kerala News

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.

ഏതാനും ദിവസം മുന്‍പ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ടു പേര്‍ മരിച്ചിരുന്നു. മൂന്നു മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് കുഞ്ഞിന് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. മലപ്പുറം കാപ്പില്‍ സ്വദേശിയായ റംല (52) ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജൂലൈ എട്ടിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര ബാധിതരുടെ എണ്ണം കൂടിവരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 2024ല്‍ 38 കേസുകളും 8 മരണവും 2025ല്‍ 12 കേസുകളും 5 മരണവുമാണ് ഉണ്ടായത്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment