Monday, July 27, 2026
International News

നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ഇന്ന് കൂടിക്കാഴ്ച നടത്തും

 നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ഇന്ന് കൂടിക്കാഴ്ച നടത്തും

ബീജിംഗ്: ചൈനയിലെ ടിന്‍ജിയാനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്ക് ആരംഭിക്കുന്ന യോഗം ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് സൂചന.

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ പ്രധാനം ആയിരിക്കും. പുടിനോട് വെടിനിര്‍ത്തലിനെക്കുറിച്ച് സംസാരിക്കുമെന്നുറപ്പ് നരേന്ദ്ര മോദി നല്‍കിയതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

റഷ്യയില്‍ നിന്ന് ഇന്ത്യക്ക് എണ്ണ വാങ്ങുന്നതിനെതിരെ ഡോണള്‍ഡ് ട്രംപ് ചുമത്തിയ പിഴ തീരുവയും ചര്‍ച്ചാവിഷയമായേക്കും. ഉച്ചകോടിയുടെ പൊതുസമ്മേളനത്തില്‍ ഇന്ന് മോദി സംസാരിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, വ്യാപാരരംഗത്തെ അനാവശ്യ തീരുവകള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

ഇന്നലെ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കായ് ചിയെയും, വിയറ്റ്‌നാം, നേപ്പാള്‍ പ്രധാനമന്ത്രിമാരെയും മ്യാന്‍മാറിലെ സീനിയര്‍ ജനറലിനെയും കണ്ടുമുട്ടിയിരുന്നു. ഉച്ചകോടി യോഗങ്ങള്‍ കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങും.


Related News

Comments

No comments yet. Be the first to comment!

Leave a Comment