തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന് താല്‍ക്കാലിക വൈസ് ചാന്‍സലര്‍ (വി.സി.) സിസ തോമസ് നോട്ടീസ് നല്‍കി. സര്‍വകലാശാലയില്‍ പ്രവേശിക്കരുതെന്നാണ് നോട്ടീസിലെ പ്രധാന നിര്‍ദേശം. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്നും, രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ സിസ തോമസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിന്‍ഡിക്കേറ്റ് യോഗം അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താല്‍ക്കാലിക വി.സിയുടെ നിലപാട്. ഈ നോട്ടീസ് ഇന്നലെയാണ് അനില്‍കുമാറിന് കൈമാറിയത്.
അതേസമയം, കെ.എസ്. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ ഗവര്‍ണര്‍ അസാധുവാക്കാന്‍ ഒരുങ്ങുകയാണ്. സിന്‍ഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താല്‍ക്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസ്, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് സിന്‍ഡിക്കേറ്റ് യോഗത്തിലെ തീരുമാനം റദ്ദാക്കി ഗവര്‍ണര്‍ ഉടന്‍ ഉത്തരവിറക്കുമെന്നാണ് വിവരം. ഇതോടെ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ വീണ്ടും സസ്‌പെന്‍ഷനിലാകും.
നേരത്തെ രജിസ്ട്രാറുടെ പകരം ചുമതല നല്‍കിയിരുന്ന സീനിയര്‍ ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിനെതിരെ വൈസ് ചാന്‍സലര്‍ നടപടിയെടുക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞദിവസം രജിസ്ട്രാറുടെ ചുമതല നല്‍കിയിരുന്ന പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടര്‍ മിനി കാപ്പനാകും ഇനി രജിസ്ട്രാറുടെ ചുമതല ലഭിക്കുക.
ഇന്ന് മുതല്‍ ഡോ. മോഹനന്‍ കുന്നുമ്മലിനാണ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ ചുമതല. സിസ തോമസിന്റെ താല്‍ക്കാലിക ചുമതലകള്‍ ഇന്നലെ അവസാനിച്ചിരുന്നു. ഇതോടെ കേരള സര്‍വകലാശാലയിലെ ഭരണപരമായ പ്രതിസന്ധി പുതിയൊരു തലത്തിലേക്ക് കടക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment