Wednesday, July 29, 2026
Kerala News

മരണവ്യാപാരികളുടെ ആഭാസനൃത്തത്തെ കേരളജനത നിരാകരിക്കും: ദേശാഭിമാനി മുഖപ്രസംഗം

മരണവ്യാപാരികളുടെ ആഭാസനൃത്തത്തെ കേരളജനത നിരാകരിക്കും: ദേശാഭിമാനി മുഖപ്രസംഗം

കോട്ടയം: ആരോഗ്യവകുപ്പിനെതിരായ പ്രതിഷേധങ്ങളെയും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗിനെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം മുഖപത്രമായ ദേശാഭിമാനി. മരണവ്യാപാരികളുടെ ആഭാസനൃത്തം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍, കോട്ടയം മെഡിക്കല്‍ കോളജിലെ സംഭവം ഒറ്റപ്പെട്ടതാണെന്നും മരണത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചുവെന്നും കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കല്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കിടെയാണ് കോട്ടയത്തെ ദുരന്തമുണ്ടായതെന്ന് മുഖപ്രസംഗം പറയുന്നു. ഈ അപകടം കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രചാരണത്തിന് തീവ്രതയേറ്റാനും പ്രതിപക്ഷത്തിന്റെ സമരാഭാസങ്ങള്‍ക്ക് വീര്യമേറ്റാനും കാരണമായെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടി.

ഒമ്പത് വര്‍ഷം മുമ്പ് അധികാരം നഷ്ടപ്പെട്ടത് അംഗീകരിക്കാന്‍ കഴിയാത്ത അധികാരദുര്‍മോഹികളുടെ ഗൂഢശ്രമങ്ങളാണ് ഈ ബഹളങ്ങള്‍ക്ക് പിന്നിലെന്ന് മുഖപ്രസംഗം ആരോപിക്കുന്നു. കേരളത്തിലെ ആരോഗ്യരംഗം തകര്‍ന്നെന്ന് വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക, ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരനാടകങ്ങളിലൂടെ സൗജന്യ ചികിത്സ നല്‍കുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങളെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനായി സാധാരണക്കാരെ എറിഞ്ഞുകൊടുക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും ദേശാഭിമാനി പറയുന്നു.

കോട്ടയം സംഭവത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും നെറികെട്ട ആക്ഷേപങ്ങളാണ് നിരത്തിയതെന്നും ദേശാഭിമാനി കുറ്റപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വൈകി, അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞതാണ് മരണകാരണം എന്നിങ്ങനെയുള്ള ഉത്തരവാദിത്വമില്ലാത്ത വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുവെന്നും, ഇത് ഏറ്റെടുത്ത് സമരം നടത്താനും വഴി സ്തംഭിപ്പിക്കാനും ആംബുലന്‍സ് തടയാനും കോണ്‍ഗ്രസിന്റെ മുന്‍മന്ത്രിയും എംഎല്‍എമാരുമടക്കം രംഗത്തുവന്നുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെടുന്ന മാധ്യമങ്ങളോടും പ്രതിപക്ഷ നേതാക്കളോടും, ഇത്തരം ഭീഷണികൊണ്ടും സമരാഭാസം കൊണ്ടുമൊന്നും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഒമ്പത് വര്‍ഷം കൊണ്ട് പൊതുജനാരോഗ്യ മേഖലയില്‍ നേടിയ നേട്ടങ്ങളെ തകര്‍ക്കാനാകില്ലെന്ന് ദേശാഭിമാനി മുന്നറിയിപ്പ് നല്‍കുന്നു. ഒറ്റപ്പെട്ട സംഭവം മുന്‍നിര്‍ത്തി കേരളത്തിന്റെ വിശ്രുതമായ പൊതുജനാരോഗ്യ മേഖലയെ താറടിക്കാനുള്ള മരണവ്യാപാരികളുടെ ആഭാസനൃത്തത്തെ കേരളത്തിലെ പ്രബുദ്ധ ജനത നിരാകരിക്കുകതന്നെ ചെയ്യുമെന്നും മുഖപ്രസംഗം അവസാനിപ്പിക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment