Wednesday, July 29, 2026
Kerala News

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത്

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുക എന്നതാണ് ഈ യോഗത്തിലെ പ്രധാന അജണ്ട. സംസ്ഥാന ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കെയാണ് യോഗം ചേരുന്നത്. 

പാര്‍ട്ടിയില്‍ നേരത്തെ ഒരു തീരുമാനമെടുത്തിരുന്നത് അനുസരിച്ച്, ഭാരവാഹി പട്ടികയില്‍ കുറഞ്ഞത് 30% പേരെങ്കിലും പുതുമുഖങ്ങളായിരിക്കണം. ദീര്‍ഘകാലമായി ഭാരവാഹികളായി തുടരുന്ന ചിലരുടെ കാര്യത്തില്‍ പുനഃപരിശോധനയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. നിലവില്‍ എം.പി.മാരായ ചിലരെ സംഘടനാ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

കഴിഞ്ഞ ദിവസം തൃശൂരില്‍ വച്ച് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലും കോര്‍ കമ്മിറ്റിയിലും മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതോടെയാണ് ഒരു ഇടവേളക്കുശേഷം സംസ്ഥാന ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമായത്. പുതിയ സംസ്ഥാന അധ്യക്ഷനെ പി കെ കൃഷ്ണദാസ് വിഭാഗം ഹൈജാക്ക് ചെയ്തു എന്നാണ് വി മുരളീധരന്‍ പക്ഷത്തിന്റെ ആരോപണം. 

രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പി കെ കൃഷ്ണദാസ് - എം ടി രമേശ് പക്ഷത്തിന് മുന്തിയ പരിഗണന നല്‍കുന്നുവെന്നും പരാതിയുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ഏകപക്ഷീയമായി സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചാല്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വി മുരളീധരന്‍ പക്ഷം.









Related News

Comments

No comments yet. Be the first to comment!

Leave a Comment