Wednesday, July 29, 2026
Kerala News

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് അറിയാം

 സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് അറിയാം

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ ഇന്ന് അറിയാം. രാവിലെ 9:30-ന് ചേരുന്ന മന്ത്രിസഭാ യോഗം പുതിയ ഡി.ജി.പി.യെ തീരുമാനിക്കും. നിലവില്‍, റോഡ് സുരക്ഷാ കമ്മീഷണറായ നിതിന്‍ അഗര്‍വാള്‍, കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, അഗ്‌നിരക്ഷാ സേനാ മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യു.പി.എസ്.സി.യുടെ ചുരുക്കപ്പട്ടികയിലുള്ളത്.

ഇവരില്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടറായ റവാഡ ചന്ദ്രശേഖറിനാണ് മുന്‍തൂക്കം. അദ്ദേഹത്തോട് ഇന്ന് കേരളത്തിലെത്താന്‍ അനൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച അദ്ദേഹം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. നിലവിലെ പോലീസ് മേധാവി ദര്‍വേഷ് സാഹിബ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പിന്തുണയും റവാഡ ചന്ദ്രശേഖറിനുണ്ട്.

റവാഡ ചന്ദ്രശേഖര്‍ നിയമിതനാവുകയാണെങ്കില്‍, സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തി കേരളത്തിന്റെ പോലീസ് മേധാവിയാകുന്ന വ്യക്തിയായിരിക്കും അദ്ദേഹം. എന്നാല്‍, കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥന്‍ എന്ന ചരിത്രം അദ്ദേഹത്തിന് തിരിച്ചടിയായേക്കാം. ഈ രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ ഉയര്‍ന്നാല്‍ മാത്രമേ സര്‍ക്കാര്‍ മറ്റൊരു ആലോചനയിലേക്ക് കടക്കൂ.


Related News

Comments

No comments yet. Be the first to comment!

Leave a Comment