Wednesday, July 29, 2026
Kerala News

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും; ജലനിരപ്പ് 136.10 അടിയായി

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും;  ജലനിരപ്പ് 136.10 അടിയായി

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. ശനിയാഴ്ച രാത്രി ജലനിരപ്പ് 136 അടിയില്‍ എത്തിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട് ഈ തീരുമാനം അറിയിച്ചത്. ഡാമിന്റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തില്‍ മഴ ശക്തമായി തുടരുന്നത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിപ്പിച്ചു.

പരമാവധി 1000 ഘനയടി വെള്ളമാണ് സ്പില്‍വേ ഷട്ടറുകളിലൂടെ പുറത്തുവിടാന്‍ ലക്ഷ്യമിടുന്നത്. പെരിയാര്‍ നദിയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറക്കുന്നത്. നിലവില്‍, അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3867 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് സെക്കന്‍ഡില്‍ 2117 ഘനയടി വെള്ളം കൊണ്ടുപോകുന്നുമുണ്ട്. ഡാമിന്റെ ഷട്ടര്‍ തുറക്കുന്ന സമയത്തെ നീരൊഴുക്ക് കണക്കാക്കിയായിരിക്കും എത്ര അടി വെള്ളം പുറത്തേക്ക് ഒഴുക്കണമെന്ന് തീരുമാനിക്കുക.

ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍, പെരിയാര്‍ നദിയില്‍ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 883 കുടുംബങ്ങളിലെ 3200-ല്‍ അധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 20 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment