തിരുവനന്തപുരം: ഔദ്യോഗികചടങ്ങുകളില്‍ അനൗദ്യോഗികചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കത്ത് നല്‍കി. ഇത്തരം ബിംബങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ചിത്രങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. രാജ്ഭവനില്‍നിന്ന് ഭാരതാംബയുടെ ചിത്രം നീക്കില്ലെന്ന് ഗവര്‍ണര്‍ ഉറച്ച നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്പോഴാണ് സര്‍ക്കാര്‍ നടപടി.
മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ഔദ്യോഗിക പരിപാടികളില്‍ ഇത് കര്‍ശനമാക്കണം. ഇതിന് വിരുദ്ധമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ രാജ്ഭവന്റെ പ്രതികരണം ഇന്ന് തന്നെ സര്‍ക്കാരിനെ അറിയിച്ചേക്കും.
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരിപാടി രാജ്ഭവനില്‍ നിശ്ചയിച്ചപ്പോഴാണ് ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് ആദ്യം വിവാദമുയര്‍ന്നത്. ആര്‍എസ്എസ് ഉപയോഗിക്കുന്ന തരത്തിലുള്ള ചിത്രമാണതെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും രാജ്ഭവനെ അറിയിച്ച കൃഷിമന്ത്രി പി.പ്രസാദ് ചടങ്ങ് സെക്രട്ടേറിയറ്റിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്ന് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പുരസ്‌കാര ദാനച്ചടങ്ങിന് എത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രസംഗത്തിനിടെ പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
സത്യപ്രതിജ്ഞ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഭാരതാംബയുടെ ചിത്രം ഒഴിവാക്കിയില്ലെങ്കില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന ആശങ്കയാണ് സര്‍ക്കാരിനുള്ളത്. ഈ സാഹചര്യത്തിലാണ് ഔദ്യോഗികമായി ഇക്കാര്യം ഗവര്‍ണറെ അറിയിക്കാന്‍ മുഖ്യമന്ത്രി കത്തയച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment