Wednesday, July 29, 2026
Kerala News

പോക്‌സോ കേസ് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന് സസ്‌പെന്‍ഷന്‍

പോക്‌സോ കേസ് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പോക്‌സോ കേസ് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന്‍ എന്‍.രാജീവിനെ സസ്‌പെന്‍ഡ് ചെയ്തു. വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫാണു സിഡബ്ല്യുസി ജില്ലാ അധ്യക്ഷനെ ബാലനീതി ചട്ടങ്ങള്‍ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് എന്‍.രാജീവ്. 

അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം വെളിപ്പെടുത്തിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണു നടപടി. എന്‍.രാജീവിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്നു വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ വിശദമായ അന്വേഷണം നടത്താന്‍ കലക്ടര്‍ എസ്.പ്രേം കൃഷ്ണനെ ചുമതലപ്പെടുത്തിയിരുന്നു. 

കുട്ടിയുടെ കുടുംബ പശ്ചാത്തലം, രക്ഷിതാക്കളുടെ തൊഴില്‍, ജാതി തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്നു എന്‍.രാജീവ് സമ്മതിച്ചതായി കലക്ടറുടെ റിപ്പോര്‍ട്ടുണ്ടെന്നും ഉത്തരവിലുണ്ട്. ജില്ലയിലെ മറ്റൊരു പോക്‌സോ കേസില്‍ സമയബന്ധിതമായി വിവരം പൊലീസില്‍ അറിയിക്കാതെ അന്വേഷണം വൈകിപ്പിച്ചെന്നും അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിനു മുന്‍പായി പ്രതിക്കും ബന്ധുവിനും സഹായകമായ രീതിയില്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി എന്നതും ഉള്‍പ്പെടെ ഗുരുതര വീഴ്ചകളുണ്ടായെന്നും നടപടിയില്‍ പരാമര്‍ശമുണ്ട്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment