കല്‍പറ്റ: വയനാട് ചൂരല്‍മല മേഖലയില്‍ കനത്ത മഴ. പുന്നപ്പുഴയില്‍ അസാധാരണമായ നിലയില്‍ നീരൊഴുക്കു വര്‍ധിച്ചത് ആശങ്കയുണര്‍ത്തിയിട്ടുണ്ട്. ബെയ്ലി പാലത്തിനു സമീപത്തെ മുണ്ടക്കൈ റോഡിലും വെളളം കയറിയ സ്ഥിതിയാണ്. പുതിയ വില്ലേജ് റോഡ് വെള്ളക്കെട്ട് രൂക്ഷമാണ്. എന്നാല്‍ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയതാകില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.
മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങള്‍ കനത്ത മഴയില്‍ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കളക്ടറുടെ നിഗമനം. ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. പുഴയില്‍ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അപകട മേഖലയില്‍ നിന്ന് ആളുകളെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ശക്തമായ മഴയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്. ഇത്തവണ കാലവര്‍ഷത്തിനിടെ ഇവിടെ കനത്ത മഴ ഉണ്ടായെങ്കിലും ഇത്രയധികം നീരൊഴുക്ക് ഇതാദ്യമാണ്. പുന്നപ്പുഴയിലൂടെ മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തി. പൊലീസും വനംവകുപ്പിന്റെ ജീവനക്കാരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment