Wednesday, July 29, 2026
India News

ചരിത്രം കുറിക്കാന്‍ ശുഭാംശു ശുക്ല; ആക്‌സിയം 4 ദൗത്യം ഇന്ന്

ചരിത്രം കുറിക്കാന്‍ ശുഭാംശു ശുക്ല; ആക്‌സിയം 4 ദൗത്യം ഇന്ന്

ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് ആക്‌സിയം 4 ദൗത്യം ഇന്ന് വിക്ഷേപിക്കും. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയും ദൗത്യത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യഇന്ത്യക്കാരനായി ശുഭാംശു ശുക്ല മാറും. ഇന്ന് ഉച്ചക്ക് 12 മണിക്ക് കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ശുഭാംശു ശുക്ലയേയും കൊണ്ടുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരും. ദൗത്യത്തിന് പൂര്‍ണ സജ്ജമെന്ന് സ്‌പേസ്എക്‌സ് അറിയിച്ചു. 

സാങ്കേതിക തകരാറുകളും കാലാവസ്ഥാ പ്രശ്‌നങ്ങളും കാരണം ഏഴ് തവണ മാറ്റിവെച്ച ഒരു ദൗത്യമാണിത്. ഇത്തവണ കാലാവസ്ഥ 90 ശതമാനം അനുകൂലമാണ്. യാത്രയുടെ കമാന്‍ഡര്‍ അനുഭവസമ്പന്നയായ പെഗ്ഗി വിറ്റ്‌സന്‍ ആണ്. ഇന്ന് യാത്ര തിരിച്ച് ജൂണ്‍ 26ന് വൈകുന്നേരം 4.30ഓടെ ഭൂമിയുടെ ഭ്രമണപഥമായ ലിയോയില്‍ ശുഭാംശു ശുക്ലയും സംഘവും എത്തും. ഭ്രമണ പഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. ശുഭാംശു ശുക്ലയും സംഘവും14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

നാസ, ഇസ്രോ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്കെത്തിക്കുന്ന ദൗത്യമാണ് ആക്‌സിയം- 4. ശുഭാംശു ശുക്ലയ്ക്കൊപ്പം മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗറി സ്വദേശി ടിബോര്‍ കാപു എന്നിവരാണുള്ളത്. സംഘം മെയ് 25 മുതല്‍ ക്വാറന്റീനിലാണ്. ഈ യാത്ര ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും പ്രതീക്ഷിക്കുന്നു.




Related News

Comments

No comments yet. Be the first to comment!

Leave a Comment