തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി ആര്‍ അനില്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ്. സുരേഷ് എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. സഹോദരന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി വി എന്‍ വാസവന്‍ അന്തിമോപചാരം അര്‍പ്പിക്കും. പൊതുദര്‍ശനം നടക്കുന്ന സ്‌കൂളിന് പുറത്ത് ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡല്‍ യുപി സ്‌കൂളിന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോള്‍ വ്യാപാരികള്‍ ഒരു മണിക്കൂര്‍ കടകള്‍ അടച്ചിടും. വൈകിട്ട് 4.30 ന് വീട്ടുവളപ്പിലാണ് സംസ്‌കാരം.
കഴിഞ്ഞ ദിവസം ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ആദ്യ ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് രഞ്ജിതയുടെ അമ്മയുടെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പ്രവാസ ജീവിതത്തിന്റെ അവസാനമാസങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക് മടങ്ങവേയായിരുന്നു രഞ്ജിതയുടെ വിയോഗം. എട്ട് മാസമായി ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment