Thursday, July 30, 2026
Kerala News

ബിന്ദു കാണാന്‍ വന്നിരുന്നു; അവഗണിച്ചിട്ടില്ലെന്ന് പി ശശി

ബിന്ദു കാണാന്‍ വന്നിരുന്നു; അവഗണിച്ചിട്ടില്ലെന്ന് പി ശശി




മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അവഗണന നേരിട്ടുവെന്ന ദളിത് യുവതി ബിന്ദുവിന്റെ പരാതിയില്‍ മറുപടിയുമായി പി ശശി. ബിന്ദു തന്നെ കാണാനെത്തിയിരുന്നുവെന്നും യുവതിയുടെ പരാതിയെക്കുറിച്ച് താന്‍ വിശദമായി കേട്ടുവെന്നും പി. ശശി പറഞ്ഞു. പരാതി താന്‍ അവഗണിച്ചിട്ടില്ലെന്നും, സൗത്ത് സോണ്‍ ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പൊലീസ് കള്ളക്കേസില്‍ പ്രതിയാക്കിയതിന് പിന്നാലെ അനുവാദം വാങ്ങി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാനായി താന്‍ ചെന്നിരുന്നുവെങ്കിലും നേരിടേണ്ടി വന്നത് വലിയ അവഗണനയാണെന്നാണ് ബിന്ദു പറയുന്നത്. താന്‍ നല്‍കിയ പരാതി അവര്‍ ഒന്ന് വായിച്ച് നോക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പരാതി  മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു എന്നുമാണ് ബിന്ദു പറയുന്നത്. 

അഭിഭാഷകനൊപ്പമാണ് താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെന്നത്. പല രീതിയില്‍ ശ്രമിച്ച് മുന്‍കൂറായി അനുവാദം വാങ്ങിയിരുന്നു. എന്നാല്‍ പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനാണ് തന്നോട് പറഞ്ഞത്. കൂടാതെ മാല മോഷണം പോയെന്ന് വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പൊലീസ് വിളിപ്പിക്കുമെന്ന് പറഞ്ഞതായും ബിന്ദു പറയുന്നു. 

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നാണ് സ്വര്‍ണമാല മോഷ്ടിച്ചതെന്നാരോപിച്ച് പൊലീസ് ദളിത് യുവതി ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തത്. മാല മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ പെണ്‍മക്കളെയും കേസില്‍ ഉല്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് കുറ്റം സമ്മതിപ്പിച്ചതായാണ് ബിന്ദുവിന്റെ ആരോപണം. ഒടുവില്‍ മാല ഉടമസ്ഥയുടെ വീട്ടില്‍ നിന്നും ലഭിച്ചതോടെ ബിന്ദുവിനെ പോലീസ് വിട്ടയക്കുകയായിരുന്നു. 




Related News

Comments

No comments yet. Be the first to comment!

Leave a Comment