Thursday, July 30, 2026
Kerala News

വിഴിഞ്ഞം ഉദ്ഘാടനം: കോണ്‍ഗ്രസ്സും സിപിഐഎമ്മും എന്റെ അച്ഛന്റെ പേര് മറന്നുവെന്ന് പത്മജ

വിഴിഞ്ഞം ഉദ്ഘാടനം: കോണ്‍ഗ്രസ്സും സിപിഐഎമ്മും എന്റെ അച്ഛന്റെ പേര് മറന്നുവെന്ന് പത്മജ




വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തന്റെ പിതാവ് കെ കരുണാകരനെ മനപ്പൂര്‍വ്വം മറന്നുവെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാല്‍. ഫെയ്‌സ്ബുക്കിലാണ് പത്മജയുടെ വിമര്‍ശനം. 

കുറിപ്പിന്റെ പൂര്‍ണരൂപം

വിഴിഞ്ഞം തുറമുഖത്തിന്റെ ഉത്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സ്വീകരിച്ച ശേഷമുള്ള മടക്ക യാത്രയിലാണ് ഞാനിപ്പോള്‍. വിഴിഞ്ഞം നാളെ രാജ്യത്തിനായി തുറന്ന് നല്‍കുമ്പോള്‍ കോണ്‍ഗ്രസ്സും സി പി ഐ എമ്മും രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി മനഃപൂര്‍വം മറക്കുന്ന ഒരു പേരുണ്ട് , കേരളത്തിന്റെ ലീഡര്‍ ആയിരുന്ന എന്റെ അച്ഛനായ ശ്രീ കെ കരുണാകരന്‍ . ഓര്‍മ്മകള്‍ക്ക് ഒരു 30 വര്‍ഷത്തെ പഴക്കം ഉണ്ട്. കൃത്യമായി പറഞ്ഞാല്‍ 1991 -1995 കരുണാകരന്‍ മന്ത്രിസഭാ കാലഘട്ടം. ആ സമയം ആണ് വിഴിഞ്ഞത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിഴിഞ്ഞം വികസിപ്പിക്കാനും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്‍ തീരുമാനിയ്ക്കുന്നത്. അന്ന് തുറമുഖ മന്ത്രി ആയിരുന്നത് ശ്രീ എം വി രാഘവന്‍ ആയിരുന്നു. ഇരുവരും ചേര്‍ന്ന് അതിനുള്ള നടപടികള്‍ ആരംഭിച്ചു. ആഛഠ മോഡലില്‍ ആയിരുന്നു നിര്‍മ്മാണം പ്ലാന്‍ ചെയ്തത്. 1995 ല്‍ കുമാര്‍ ഗ്രൂപ്പുമായി ലീഡര്‍ ഒപ്പ് വയ്ക്കുന്നു. പിന്നീട് സര്‍ക്കാര്‍ മാറുന്നു, ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയി എത്തുന്നു. ഷണ്‍മുഖദാസ് ആണ് അന്ന് തുറമുഖമന്ത്രി. പക്ഷെ  ഇടത് സര്‍ക്കാരിന് ബോധ്യപ്പെടാത്തതിനാല്‍ ഡ്രാഫ്റ്റ് തയ്യാറാക്കി എങ്കിലും പിന്നീട് അത് മുന്നോട്ട് പോയില്ല. ഈ പദ്ധതിയെ ആവിഷ്‌കരിച്ച മനുഷ്യനെ മനഃപൂര്‍വം മറന്ന് കൊണ്ടാണ് ഈ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉള്ളവര്‍ സംസാരിയ്ക്കുന്നത് . മാത്രമല്ല ഈ പദ്ധതിയെ മരവിപ്പിച്ച് നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വഹിച്ച പങ്ക് മറന്ന് കൊണ്ടാണോ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ അവകാശവാദം ഉന്നയിയ്ക്കുന്നത്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയ സമയം ഈ പദ്ധതിയ്ക്ക് സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരുന്നത്  അന്നത്തെ മലയാളി ആയ  പ്രതിരോധ മന്ത്രി ആയിരുന്നു എന്നത് ജീവിച്ചിരിയ്ക്കുന്ന സത്യം മാത്രമാണ്. ഇന്ന് അഭിമാനത്തോടെ കോണ്‍ഗ്രസ് ക്രെഡിറ്റ് അടിച്ച് കൊണ്ടിരിയ്ക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ കാര്യത്തിലും കെ കരുണാകരന്‍ മാത്രമാണ് അന്ന് മുന്നില്‍ നിന്നത് . മറ്റാരും ആ പദ്ധതിയുടെ കാര്യത്തിലും അദ്ദേഹത്തിനൊപ്പം നിന്നിരുന്നില്ല എന്നത് എനിയ്ക്ക് വ്യക്തിപരമായി അറിയുന്ന കാര്യമാണ്. കെ കരുണാകരന്‍ ആവിഷ്‌കരിയ്ക്കുന്ന ,വിഭാവനം ചെയ്യുന്ന പദ്ധതികള്‍ക്ക്   തുരങ്കം വയ്ക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് അതിന്റെ ക്രെഡിറ്റ് അടിച്ച് മാറ്റാന്‍  ശ്രമിയ്ക്കുമ്പോള്‍ സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നാകും. ഇപ്പോള്‍ ആര്‍ജവം ഉള്ള ഒരു കേന്ദ്ര ഭരണകൂടം വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കുമ്പോള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നത് ഈ പദ്ധതിയെ കുറിച്ച് സ്വപ്നം കണ്ട ലീഡറെ മാത്രം ആണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment