കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ വീടിനുള്ളില്‍ വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. മുഖം വികൃതമാക്കിയും, നഗ്‌നരാക്കിയും ആണ് കൃത്യം നടത്തിയിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഒരു അമ്മിക്കല്ലും കൊടാലിയും കണ്ടെത്തിയിട്ടുണ്ട്.
വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഒരു മുറിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. പ്രാഥമിക പരിശോധനയില്‍ മോഷണ സാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ നടക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കൊലപാതകം വൈരാഗ്യത്തെ തുടര്‍ന്നുണ്ടായതാണെന്നാണ് സൂചന. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. മുന്‍പ് വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാനക്കാരനായ ജോലിക്കാരനെതിരെ പണവും ഫോണും മോഷ്ടിച്ചതിന് കേസ് കൊടുത്തിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെയാണ് പൊലീസ് സംശയിക്കുന്നത്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍.
Comments
No comments yet. Be the first to comment!
Leave a Comment