Sunday, August 2, 2026
Kerala News

ഒരു പകല്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തു: മജിസ്‌ട്രേറ്റ് ജാമ്യം നല്‍കിയില്ലേല്‍ നാളെ ബോച്ചെ ജയിലില്‍; രഹസ്യമൊഴി നല്‍കി നടി

ഒരു പകല്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തു: മജിസ്‌ട്രേറ്റ് ജാമ്യം നല്‍കിയില്ലേല്‍ നാളെ ബോച്ചെ ജയിലില്‍; രഹസ്യമൊഴി നല്‍കി നടി


കൊച്ചി: നടിയും മോഡലുമായി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തു. വയനാട്ടില്‍ നിന്ന് രാവിലെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകിട്ടോടെ കൊച്ചിയില്‍ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മജിസ്‌ട്രേറ്റ് ജാമ്യം നിരസിച്ചാല്‍ ബോച്ചെയെ നേരെ ജയിലിലേക്ക് കൊണ്ടുപോകും.  


ചൊവ്വാഴ്ചയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബോബിക്കെതിരെ  ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസെടുത്തു. ബോബി വയനാട് മേപ്പാടി 1000 ഏക്കര്‍ എസ്‌റ്റേറ്റിലുള്ളതായി വിവരം ലഭിച്ചതോടെ അന്വേഷക സംഘം അവിടേക്ക് തിരിച്ചു. ഇന്നലെ രാവിലെ പത്തോടെ എസ്‌റ്റേറ്റിന് സമീപത്തെ അഞ്ചുറോഡില്‍വച്ച് ബോബി സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 


തുടര്‍ന്നാണ് മേപ്പാടി പുത്തൂര്‍വയലിശാല എആര്‍ ക്യാമ്പിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം രാത്രി ഏഴോടെ കൊച്ചിയിലെത്തിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബോബിയെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ബോബി ചെമ്മണ്ണൂരിനൊപ്പം ഹണി റോസ് പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകള്‍, ബോബിയുടെ അഭിമുഖങ്ങള്‍ എന്നിവ അന്വേഷക സംഘം ശേഖരിച്ചിട്ടുണ്ട്.

 

സ്ത്രീകള്‍ക്കുനേരെ അശ്ലീല പരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിലായിരുന്നു അശ്ലീല പരാമര്‍ശം. തുടര്‍ന്ന് മറ്റൊരു ഉദ്ഘാടനത്തിന് ക്ഷണിച്ചെങ്കിലും നിരസിച്ചു. ഇതോടെ തുടര്‍ച്ചയായി അഭിമുഖത്തില്‍ ഉള്‍പ്പെടെ മോശം പരാമര്‍ശങ്ങളുണ്ടായെന്നും ഹണിയുടെ പരാതിയിലുണ്ട്.


ഇതിനിടെ, ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കി. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടിയുടെ പരാതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തുന്നത് രണ്ടുമണിക്കൂര്‍ നീണ്ടു.സൈബര്‍ ആക്രമണത്തിന്റെ വലിയ ഇരയാണ് താനെന്നും അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ഹണി റോസിന്റെ പരാതിയിലുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment