Sunday, August 2, 2026
Politics Views

അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തില്‍ സതീശനും സുധാകരനും രണ്ട് തട്ടില്‍: രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന് പറഞ്ഞ ആളെ എങ്ങനെ യു.ഡി.എഫിലെടുക്കുമെന്ന് ആശയക്കുഴപ്പം

അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തില്‍ സതീശനും സുധാകരനും രണ്ട് തട്ടില്‍: രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന് പറഞ്ഞ ആളെ എങ്ങനെ യു.ഡി.എഫിലെടുക്കുമെന്ന് ആശയക്കുഴപ്പം



തിരുവനന്തപുരം: സി.പി.എമ്മിന് ഒപ്പം നിന്ന് യു.ഡി.എഫിനേയും കോണ്‍ഗ്രസിനെയും ആക്രമിച്ചു. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന് വിവാദ പരാമര്‍ശം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നൂറു കോടിയുടെ അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിച്ചു. കോണ്‍ഗ്രസ് നേതാക്കളെ കിട്ടിയ അവസരങ്ങളിലെല്ലാം അവഹേളിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത പി.വി. അന്‍വറിനെ എന്തിന് ഒപ്പം ചേര്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണ് യു.ഡി.എഫ്.

എല്‍.ഡി.എഫില്‍ നിന്ന് പുറത്തായി പുതിയൊരു രാഷ്ട്രീയ താവളം കണ്ടെത്താനുള്ള അന്‍വറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി കോണ്‍ഗ്രസില്‍ നിന്നുള്ള വി.ഡി. സതീശന്‍ വിഭാഗമാണ്. അതേസമയം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് അന്‍വറിനോട് മൃദുസമീപനമുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവിനും എ ഗ്രൂപ്പിനും അന്‍വറിനെ മുന്നണിയിലെടുക്കുന്നതിനോട് യോജിപ്പില്ല.

സി.പി.എമ്മുമായി അകലുന്നതിനുമുന്‍പ് അന്‍വറിനെതിരേ യു.ഡി.എഫ് കടുത്തനിലപാടാണെടുത്തിരുന്നത്. തടയണപ്രശ്നമടക്കംഉയര്‍ത്തി കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരേ സമരപാതയിലായിരുന്നു. രാഹുല്‍ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന വിവാദപ്രസ്താവന കോണ്‍ഗ്രസിന് ഒരുഘട്ടത്തിലും പൊറുക്കാനാകുന്നതല്ല. പ്രതിപക്ഷ നേതാവിനെതിരെ നൂറുകോടിയുടെ അഴിമതിയാരോപണം ഉന്നയിച്ചതും സതീശന്റെ അപ്രീതിക്ക് കാരണമാണ്.

കോണ്‍ഗ്രസിന്റെ മുന്‍ സ്ഥാനാര്‍ഥിയെ അടര്‍ത്തിമാറ്റി ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിപ്പിച്ചതും കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചു. ഇത്രയും കടുത്ത ആരോപണം ഉന്നയിച്ചയാളെ എന്തിനാണ് യു.ഡി.എഫിലേക്ക് സ്വാഗതംചെയ്യുന്നതെന്നാണ് കണ്‍വീനര്‍ എം.എം. ഹസന്‍ ഇന്നലെ ചോദിച്ചത്. എന്നാല്‍ മുസ്‌ലീം ലീഗിന്റെയും സുധാകരന്റെയും പിന്തുണ അന്‍വറിനുണ്ട്.   

കോണ്‍ഗ്രസിലായിരുന്നകാലത്ത് കെ.സുധാകരന്റെ അനുയായിയായിരുന്നു അന്‍വര്‍. സുധാകരന്‍ വനംമന്ത്രിയായിരിക്കെ അന്‍വര്‍ അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. മലപ്പുറത്ത് ആര്യാടന്‍ മുഹമ്മദ് പ്രതാപശാലിയായിനിന്നിരുന്ന അക്കാലത്ത് അന്‍വറിന് കോണ്‍ഗ്രസിലുള്ള ആശ്രയം സുധാകരനായിരുന്നു. ഇടതുസഹയാത്രികനായെങ്കിലും സുധാകരനുമായി സൗഹൃദബന്ധം അദ്ദേഹം സൂക്ഷിച്ചുപോരുന്നു.

മുസ്ലിംലീഗ് വഴി കോണ്‍ഗ്രസിലെ എതിര്‍പ്പ് മറികടക്കാമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ. മുന്നണിയില്‍ ഘടകകക്ഷിയായി നിലമ്പൂര്‍ സീറ്റ് ഉറപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണിത്. മലപ്പുറത്തെ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് നാലില്‍ മാത്രമാണ്. അത് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. നിലമ്പൂര്‍ സീറ്റ് ആര്യാടന്‍ ഷൗക്കത്തിനായി നേതൃത്വം നോക്കിവെച്ചിരിക്കുന്നതുമാണ്.

കഴിഞ്ഞപ്രാവശ്യം 2700 വോട്ടുകള്‍ക്ക് മാത്രമായിരുന്നു നിലമ്പൂരില്‍ അന്‍വറിന്റെ ജയം. അന്ന് എല്‍.ഡി.എഫ് പിന്തും അന്‍വറിനുണ്ടായിരുന്നു. ഇത്തവ അതുണ്ടാകില്ല എന്നതിനാല്‍ അന്‍വറിന്റെ ഭൂരിപക്ഷത്തെ അനായാസമായി മറികടക്കാവുന്നതാണെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അന്‍വര്‍ യു.ഡി.എഫിലേക്കെന്ന സൂചന വന്നപ്പോള്‍ത്തന്നെ ആര്യാടന്‍ ഷൗക്കത്ത് അതിനെതിരേ രംഗത്തുവന്നിട്ടുമുണ്ട്. ഭരണം പിടിക്കുകയെന്ന വിശാലലക്ഷ്യത്തോടെ അന്‍വറിനെയും സഹകരിപ്പിക്കുകയെന്ന നിര്‍ദേശത്തിലേക്ക് മുന്നണി വന്നാല്‍ കോണ്‍ഗ്രസോ, ലീഗോ വിട്ടുവീഴ്ചചെയ്യേണ്ടിവരും.



Related News

Comments

No comments yet. Be the first to comment!

Leave a Comment