Sunday, August 2, 2026
Politics Views

ഡി.എം.കെ യു.ഡി.എഫിലേക്ക്? ജയില്‍ മോചിതനായ ശേഷം രാഷ്ട്രീയ നീക്കം വ്യക്തമാക്കി അന്‍വര്‍; പിണറായിയുടെ ദുര്‍ഭരണത്തിനെതിരെ കൈകോര്‍ത്ത് പ്രവര്‍ത്തിക്കും

ഡി.എം.കെ യു.ഡി.എഫിലേക്ക്? ജയില്‍ മോചിതനായ ശേഷം രാഷ്ട്രീയ നീക്കം വ്യക്തമാക്കി അന്‍വര്‍; പിണറായിയുടെ ദുര്‍ഭരണത്തിനെതിരെ കൈകോര്‍ത്ത് പ്രവര്‍ത്തിക്കും


നിലമ്പൂര്‍: ജാമ്യം കിട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അന്‍വറിന്റെ ആദ്യ പ്രതികരണത്തില്‍ ഭാവി രാഷ്ട്രീയ നിലപാടുകളുടെ എല്ലാവിധ സൂചനകളും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ധാര്‍മികമായ പിന്തുണ നല്‍കിയ യു.ഡി.എഫ് നേതാക്കള്‍ക്ക് നന്ദി പറഞ്ഞതിനൊപ്പം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫിനൊപ്പം കൈകോര്‍ത്ത് മുന്നോട്ടുപോവുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അന്‍വറിന്റെ ഈ പ്രതികരണത്തില്‍ ഭാവിയില്‍ സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നിലപാടുകളുടെ സൂചന ഉണ്ടായിരുന്നു. 


അന്‍വര്‍ യു.ഡി.എഫിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനയായാണ് പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. മുന്‍പ് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന അന്‍വര്‍ 2016 ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് നിയമസഭയിലേത്തുന്നത്. അന്നു മുതല്‍ ഇടതുപക്ഷത്തിന്റെ ഭാഗമായായിരുന്നു. പിണറായി വിജയനോട് ഇടഞ്ഞതോടെയാണ് അന്‍വര്‍ എല്‍.ഡി.എഫില്‍ നിന്ന് പുറത്തുപോയത്. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചെങ്കിലും ഒരു മുന്നണിയിലും ഭാഗമായിരുന്നില്ല. ഇപ്പോഴിതാ യു.ഡി.എഫുമായി സഹകരിക്കാന്‍ തയാറാണെന്ന് പറയുകവഴി വലതുപക്ഷത്തേക്ക് ചുവടുറപ്പിക്കുന്നതിന്റെ സൂചന നല്‍കിയിരിക്കുകയാണ്.  


യു.ഡി.എഫ് നേതാക്കളായ പാണക്കാട് സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് അന്‍വര്‍ യു.ഡി.എഫിന് നന്ദി പറഞ്ഞത്. യു.ഡി.എഫിന്റെ പിന്തുണയെ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇതുവരെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. പിണറായിയുടെ ദുര്‍ഭരണത്തിനും ഭരണകൂട ഭീകരതയ്ക്കും ന്യൂനപക്ഷവിദ്വേഷത്തിനും ഗൂഢാലോചനയക്കുമെതിരെ യു.ഡി.എഫുമായി കൈകോര്‍ത്ത് ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ പറഞ്ഞു.


ജയില്‍ മോചിതനായുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ പിണറായി സര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പിണറായി വിജയന്‍ സ്വയം കുഴികുത്തിക്കൊണ്ടിരിക്കുകയാണെന്നും സി.പി.എം ഇനി അധികാരത്തില്‍ വരാതിരിക്കുന്നതിനുള്ള കരാറാണ് ആര്‍.എസ്.എസ് നേതൃത്വവുമായി അദ്ദേഹം ഉണ്ടാക്കിയിരക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. 


സി.പി.എമിന് സമരം എന്താണെന്നത് മറന്നുപോയി. ഭരണത്തിന്റെ ശീതളച്ഛായയില്‍ മുന്നോട്ട് തഴുകി ഒഴുകുകയാണ്. അപ്പോള്‍ അവര്‍ക്ക് സമരം അരോചകമായി തോന്നും. ഇനി ഒറ്റയാള്‍ പോരാട്ടമല്ല. ഇനി കൂട്ടായുള്ള പോരാട്ടമാണ്. അതിന് വ്യക്തിപരമായി എന്ത് കോംപ്രമൈസിനും തയ്യാറാണ്. പറഞ്ഞത് ഇരുമ്പുലക്കയാണെന്ന് വിചാരിച്ച് നടക്കാന്‍ പറ്റുന്ന കാലമല്ല. ശത്രുവിനെ തകര്‍ക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വി.ഡി. സതീശന്‍ തന്നെ തള്ളിപ്പറഞ്ഞിട്ടില്ല. തമ്മില്‍ കാണേണ്ടവരാണ്. ഒരുപക്ഷേ ഒരുമിച്ച് നീങ്ങേണ്ടവരാണ്. പിണറായിസത്തെ തകര്‍ക്കാന്‍ ഇവിടെ മുന്നിലുള്ളത് യു.ഡി.എഫും പ്രതിപക്ഷവുമാണ്. അവരോട് സഹകരിച്ച് എന്റെ ശക്തികൂടെ അതിന് പകരുന്ന നിലപാടാണ് സ്വീകരിക്കുകയെന്നും അന്‍വര്‍ പറഞ്ഞു. 


വനം വകുപ്പിന്റെ നിലമ്പൂര്‍ ഓഫീസ് ആക്രമിച്ച കേസിലാണ് അന്‍വറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ അന്‍വര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ നിലമ്പൂര്‍ കോടതി ജാമ്യം അനുവദിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാത്രി 8.30 ഓടെ അന്‍വര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. പാര്‍ട്ടിപ്രവര്‍ത്തകര്‍ അടക്കം നൂറിലേറെ ആളുകളാണ് അന്‍വറിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയത്. പ്രവര്‍ത്തരെ അഭിവാദ്യം ചെയ്ത ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ അന്‍വര്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment