Sunday, August 2, 2026
Politics Views

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എം.ടി.രമേശ്? ബി.ജെ.പിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം: സുരേന്ദ്രന് ശോഭയുടെ പിന്തുണ

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എം.ടി.രമേശ്? ബി.ജെ.പിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം: സുരേന്ദ്രന് ശോഭയുടെ പിന്തുണ



തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമാകുകയാണ്. കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷന്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് ഏറെക്കാലമായി പാര്‍ട്ടിക്കള്ളില്‍ ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണയാണ് സുരേന്ദ്രന് സംരക്ഷണമായിരുന്നത്. ഇപ്പോഴിതാ, അധികം വൈകാതെ തന്നെ സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്ന സൂചനകളാണ് ഉയരുന്നത്.

നിലവില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് എം.ടി.രമേശിനാണ്. ആര്‍.എസ്.എസിന്റെ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്‍പ്പെടെ സമ്മതനായ മുതിര്‍ന്ന നേതാവാണെന്നതും രമേശിന് മുന്‍തൂക്കം നല്‍കുന്നു. മാത്രമല്ല സംസ്ഥാന ഘടകത്തില്‍ എം.ടി. രമേശിന് പിന്തുണ ഏറെയുണ്ട്.

മത്സരത്തിലേക്കു പോകാതെ സമവായത്തിലൂടെ അധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികളാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. ഇതിനായി കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി അടുത്തു തന്നെ കേരളത്തില്‍ എത്തി ചര്‍ച്ചകള്‍ ആരംഭിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ താഴേത്തട്ടില്‍ സംഘടനാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശേഷിയുള്ളയാള്‍ തന്നെ നേതൃത്വത്തിലേക്ക് എത്തുന്നുവെന്ന് ഉറപ്പിക്കുകയെന്നതാണ് കേന്ദ്രനേതൃത്വത്തിനു മുന്നിലുള്ള വെല്ലുവിളി.

അതേസമയം നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായതോടെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളും പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. അകല്‍ച്ചയിലായിരുന്ന ശോഭാ സുരേന്ദ്രന്‍ വിഭാഗവും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കൂടുതല്‍ അടുക്കുന്നുവെന്നു റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനിടയില്‍ വയനാട് ദുരന്തം സംബന്ധിച്ച് മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍ നടത്തിയ പരാമര്‍ശം സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കിയതോടെയാണു പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 20 ശതമാനം വോട്ട് നേടാന്‍ ബി.ജെ.പിക്കു കഴിഞ്ഞത് കെ.സുരേന്ദ്രനു നേട്ടമായെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് പാര്‍ട്ടിക്കു കടുത്ത തിരിച്ചടി നേരിടേണ്ടിവന്നത് എതിര്‍പക്ഷം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പാര്‍ട്ടി പ്രതീക്ഷിച്ച വോട്ടിന് അടുത്തുപോലും എത്താന്‍ കഴിഞ്ഞിരുന്നില്ല. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിനു വലിയ വീഴ്ചയുണ്ടായെന്ന ആക്ഷേപം അണികള്‍ക്കിടയിലും ശക്തമാണ്.

തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സന്ദീപ വാര്യരെ പോലെ ഒരു നേതാവ് പാര്‍ട്ടി വിട്ട് എതിര്‍ചേരിയിലേക്കു പോകുന്നത് തടയേണ്ടതായിരുന്നുവെന്നു പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. 14 ജില്ലാ കമ്മിറ്റികളെ 30 ജില്ലാ കമ്മിറ്റികളായി വിപുലീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ പാര്‍ട്ടി തന്ത്രങ്ങള്‍ മെനയുമ്പോള്‍ തലപ്പത്തേക്ക് ആരെത്തുമെന്നതാണ് നിര്‍ണായകമാകുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment