Sunday, August 2, 2026
Politics Views

പിണറായി ഭരണം അന്ത്യനാളുകളിലേക്ക്: കാലാവധി തീരും മുന്‍പേ കുറുമാറ്റ മുന്നറിയിപ്പുമായി ചെറു കക്ഷികള്‍; ഇനി യു.ഡി.എഫിലേക്കോ?

പിണറായി ഭരണം അന്ത്യനാളുകളിലേക്ക്: കാലാവധി തീരും മുന്‍പേ കുറുമാറ്റ മുന്നറിയിപ്പുമായി ചെറു കക്ഷികള്‍; ഇനി യു.ഡി.എഫിലേക്കോ?


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനി ഒരു വര്‍ഷവും ഏതാനം മാസങ്ങളുമേ ബാക്കിയുള്ളു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഭരണ മുന്നണിയോട് ചേര്‍ന്ന് നിന്ന ചെറു കക്ഷികള്‍ക്ക് ഇപ്പോള്‍ ചെറിയ ഇളക്കം തട്ടിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് മുന്നണികള്‍ മാറുന്നതാണ് ചെറു പാര്‍ട്ടികളുടെ രീതി. കഴിഞ്ഞ രണ്ട് ടേമില്‍ എല്‍.ഡി.എഫാണ് ഭരണത്തിലിരുന്നതിനാല്‍ ഇടത് പക്ഷത്തിനൊപ്പമായിരുന്നു അവര്‍. തുടര്‍ ഭരണത്തിന്റെ സാധ്യതകള്‍ മങ്ങിയതോടെ ഇപ്പോഴിതാ കൂറുമാറ്റ സൂചനകള്‍ പ്രകടമാക്കി തുടങ്ങിയിരിക്കുകയാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നേരത്തെ തന്നെ ഈ ചാഞ്ചാട്ടം കണ്ടിരുന്നു. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് ബി യുടെ ഏക നിയമസഭാംഗം മന്ത്രി ഗണേഷ്‌കുമാറും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ എം.വി. ശ്രേയംസ്‌കുമാര്‍ നയിക്കുന്ന ആര്‍.ജെ.ഡിയും സി.പി.എമ്മിനും നേതൃത്വത്തിനുമെതിരെ പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.  

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലെത്തിയതു മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പരാമര്‍ശത്തിലും അതിനെ പിന്തുണച്ച സി.പി.എം നിലപാടിലുമാണ് ആര്‍ജെഡി എതിര്‍പ്പു വ്യക്തമാക്കിയത്. വിജയരാഘവന്റെ പരാമര്‍ശത്തില്‍ ഇതാദ്യമായാണ് എല്‍.ഡി.എഫിനുള്ളില്‍ എതിര്‍പ്പ് ഉയരുന്നത്.

മുന്നണിയില്‍ ഏറെക്കാലമായി അവഗണ നേരിടുന്നതാണ് ഇപ്പോള്‍ ഇത്തരമൊരു എതിര്‍പ്പ് പരസ്യമാക്കാന്‍ ആര്‍.ജെ.ഡിയെ പ്രേരിപ്പിച്ചത്. മുന്നണിയില്‍ പരിഗണന ലഭിക്കാത്ത സാഹചര്യത്തില്‍ എല്‍.ഡി.എഫ് വിടണമെന്ന ആവശ്യം ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ മുന്നണി മാറ്റം ഉണ്ടാകുമെന്ന് ഏറെക്കുറെ നേതാക്കള്‍ ഉറപ്പിക്കുന്നു.

ഏഴ് നിയമസഭാ സീറ്റുകളും ഒരു എംപി സീറ്റും ഒന്‍പത് ബോര്‍ഡകളും വേണ്ടെന്നു വച്ചാണ് ഉപാധികളൊന്നുമില്ലാതെ ആര്‍.ജെ.ഡി യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫിലെത്തിയത്. എന്നാല്‍ മുന്നണിയില്‍ കനത്ത അവഗണനയാണ് പാര്‍ട്ടി നേരിട്ടത്. ഉത്തര മലബാറിലെ മൂന്ന് നിയമസഭാ സീറ്റ് മാത്രമാണ് മത്സരിക്കാന്‍ ഇവര്‍ക്ക് നല്‍കിയത്. ലോക്‌സഭാ, രാജ്യസഭാ സീറ്റുകള്‍ നിഷേധിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ പദവി വഹിച്ചിരുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരു ജില്ലയിലും കണ്‍വീനര്‍ പദവിയില്ല. വടക്കന്‍ ജില്ലകളിലെ പല മണ്ഡലങ്ങളിലും ആര്‍.ജെ.ഡി വോട്ടുകള്‍ കൂടി ലഭിച്ചതു കൊണ്ടാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ വിജയിച്ചതെന്നാണ് ഇവരുടെ അവകാശവാദം. പഞ്ചായത്ത് മെംബര്‍മാരുടെ എണ്ണത്തില്‍ എല്‍.ഡി.എഫില്‍ നാലാമത്തെ കക്ഷിയാണ് ആര്‍.ജെ.ഡിയെന്നും അതിന് തക്ക പരിഗണന മുന്നണിയില്‍ ലഭിക്കുന്നില്ലെന്നും നേതാക്കള്‍ പരിതപിക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment