തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഊഹാപോഹങ്ങളിലും പ്രതികരിക്കാനില്ലെന്ന് കെ. മുരളീധരന്‍. പുതിയ അധ്യക്ഷനെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും സംസ്ഥാനത്ത് പുതിയ പാര്‍ട്ടി പ്രസിഡന്റ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ പാര്‍ട്ടി കൂടുതല്‍ ശക്തമാകണം. അതിന് പുതിയ അധ്യക്ഷന്‍ വേണമെന്നും മുരളീധരന്‍ വ്യക്തമാക്കി.
തൃശ്ശൂരിലെ രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച കണ്ടെത്തിയിട്ടില്ലെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന സംശയവും സര്‍ക്കാരിനുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം 36 മണിക്കൂര്‍ മൃതദേഹം കിടന്നുവെന്ന ആരോപണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ വോട്ടെടുപ്പ് സമയത്ത് എല്ലാ എംപിമാരും സഭയില്‍ ഹാജരാകണമെന്നും ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഇത് ഇന്ത്യാ സഖ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനമാണെന്നും ഒരു എംപിയും നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിന് ഇനിയും രണ്ട് ദിവസം ബാക്കിയുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.


Comments
No comments yet. Be the first to comment!
Leave a Comment