കോഴിക്കോട്: താമരശ്ശേരിയില്‍ 20കാരിയെ പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പലതവണ ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസില്‍ രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ കെ.കെ. അനീഷ്, ക്ലീനര്‍ പി.എസ്. സജിത്ത് എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ് പ്രതികളെന്നാണ് വിവരം.
നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതികള്‍ കാറിലെത്തി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയെന്നാണ് പരാതി. തുടര്‍ന്ന് യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ ലൈംഗികാതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു.
റോഡരികില്‍ നിര്‍ത്തിയിട്ട ബസിനുള്ളിലും യുവതിയെ പീഡിപ്പിച്ചതായാണ് വിവരം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇന്നലെ പിടികൂടിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.


Comments
No comments yet. Be the first to comment!
Leave a Comment