പാലക്കാട്: കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നതിനിടെ പാലക്കാട് എംപി ഷാഫി പറമ്പിലിനെ പരിഹസിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍. ഉമ്മന്‍ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫി എന്ന വാചകമാണ് ഫ്ലക്സില്‍ ഇടംപിടിച്ചിരിക്കുന്നത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംപിയെ പരിഹസിച്ചുകൊണ്ടുള്ള പുതിയ ഫ്ലക്സുകള്‍ സ്ഥാപിച്ചത്. ഷാഫിയെ അനുകൂലിച്ചുള്ള ഫ്ലക്സുകള്‍ക്ക് സമീപത്തുതന്നെ പുതിയ ബോര്‍ഡുകള്‍ ഉയര്‍ന്നതും ശ്രദ്ധേയമായി.
കോണ്‍ഗ്രസിനുള്ളിലെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകളും പരസ്യ വിമര്‍ശനങ്ങളും തുടരുന്നതിനിടെ ഫ്ലക്സ് പോരാട്ടവും പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കൂടുതല്‍ ചര്‍ച്ചയാക്കുകയാണ്.


Comments
No comments yet. Be the first to comment!
Leave a Comment