26/11/2026
Kerala News

പരതൂര്‍ സ്‌കൂള്‍ വെടിവെപ്പ് കേസ്; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

 പരതൂര്‍ സ്‌കൂള്‍ വെടിവെപ്പ് കേസ്; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി



പാലക്കാട്: തൃത്താല പരതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വെടിവെപ്പ് കേസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഡിസംബര്‍ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. വെടിയേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസം കൂടി സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റ കുട്ടിയുടെ ശരീരത്തില്‍ തറച്ച വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്ന് തൃത്താല പൊലീസ് ശേഖരിക്കും. സംഭവത്തില്‍ തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ കൈവശമുണ്ടായിരുന്നത് ലൈസന്‍സില്ലാത്ത തോക്കാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.

കുട്ടിയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത തോക്ക് പ്രവര്‍ത്തനക്ഷമമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 0.22 റിവോള്‍വറാണ് പിടിച്ചെടുത്തത്. ഉത്തരേന്ത്യയില്‍ നിര്‍മിച്ച തോക്കാണിതെന്നും ഇതിലെ വെടിയുണ്ട പഞ്ചാബില്‍ നിര്‍മിച്ചതാണെന്നും പൊലീസ് പറയുന്നു. തോക്ക് കുട്ടിയുടെ മുത്തശ്ശന്റേതാണെന്നും വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നതാണെന്നുമാണ് പ്രാഥമിക വിവരം. തോക്ക് കുട്ടിയുടെ കൈവശം എത്തിയ സാഹചര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement