25/11/2026
Kerala News

വ്യാജ ഫെയ്സ് ക്രീം വില്‍പ്പനക്കെതിരെ കര്‍ശന നടപടി; സംസ്ഥാന വ്യാപക പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്

 വ്യാജ ഫെയ്സ് ക്രീം വില്‍പ്പനക്കെതിരെ കര്‍ശന നടപടി; സംസ്ഥാന വ്യാപക പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്



തിരുവനന്തപുരം: വ്യാജ ഫെയ്സ് ക്രീമുകളുടെ വില്‍പ്പന തടയാന്‍ സംസ്ഥാനത്ത് പരിശോധന ശക്തമാക്കാന്‍ ആരോഗ്യവകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ആഴ്ചതോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കി. നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇതുസംബന്ധിച്ച് അടിയന്തരമായി സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ നടത്താന്‍ ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ബ്യൂട്ടിപാര്‍ലറുകള്‍, കോസ്‌മെറ്റിക് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി വ്യാജവും ലൈസന്‍സില്ലാത്തതും ഗുണനിലവാരം കുറഞ്ഞതുമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുന്നതിനായി പരിശോധനകള്‍ കാര്യക്ഷമമാക്കാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ജിമ്മുകള്‍, വെല്‍നസ് സെന്ററുകള്‍, പ്രോട്ടീന്‍ പൗഡര്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ വകുപ്പും ഡ്രഗ്‌സ് കണ്‍ട്രോളറും സംയുക്തമായി പരിശോധനകള്‍ നടത്തണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement