കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ) അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ചെമ്പ്രകാനം സ്വദേശി മാധവിയാണ് മരിച്ചത്. ചികിത്സാ പിഴവ് സംഭവിച്ചതായും മരണവിവരം ഡോക്ടര്‍മാര്‍ മറച്ചുവെച്ചതായുമാണ് ബന്ധുക്കളുടെ പ്രധാന ആരോപണം.
മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന മാധവിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അനസ്തേഷ്യ നല്കുമ്പോഴോ ശസ്ത്രക്രിയയ്ക്കിടയിലോ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്നാണ് ബന്ധുക്കളുടെ സംശയം. മരണവിവരം പോലും കൃത്യമായി അറിയിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. എന്നാല്‍, ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി സൂപ്രണ്ടിനെ ഉപരോധിച്ചു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മാധവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.


Comments
No comments yet. Be the first to comment!
Leave a Comment