25/11/2026
Kerala News

ടോപ്പ് 12-ല്‍ ഇടം നേടാനായില്ല:മിസ്സ് യൂണിവേഴ്‌സ് മത്സരത്തില്‍ നിന്ന് കെസിയ ലിസ് മെജോ പുറത്ത്

ടോപ്പ് 12-ല്‍ ഇടം നേടാനായില്ല:മിസ്സ് യൂണിവേഴ്‌സ് മത്സരത്തില്‍ നിന്ന് കെസിയ ലിസ് മെജോ പുറത്ത്

പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനിലുള്ള ജോസ് മിഗുവല്‍ അഗ്രലോട്ട് കൊളീസിയത്തില്‍ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ നിന്ന് മലയാളി താരം കെസിയ ലിസ് മെജോ പുറത്തായി. ടോപ്പ് 12-ല്‍ ഇടം നേടാന്‍ കഴിയാതെയാണ് കെസിയയ്ക്ക് മത്സരത്തില്‍ നിന്ന് മടങ്ങേണ്ടി വന്നത്. സ്വിം സ്യൂട്ട് റൗണ്ടിലായിരുന്നു കെസിയയുടെ പുറത്താകല്‍.

സ്വിം സ്യൂട്ട് റൗണ്ടില്‍ മികവ് പുലര്‍ത്തുന്നവരാണ് ടോപ്പ് 12 ഈവനിങ് ഗൗണ്‍ റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. തുടര്‍ന്ന് നടക്കുന്ന ചോദ്യോത്തര റൗണ്ടില്‍ അവസാന അഞ്ച് മത്സരാര്‍ത്ഥികള്‍ ജൂറിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും. ഇതിനുശേഷം അവസാന റൗണ്ടില്‍ ചോദിക്കുന്ന പൊതുവായ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അടിസ്ഥാനത്തിലാണ് മിസ് യൂണിവേഴ്സ് വിജയിയെയും റണ്ണര്‍അപ്പിനെയും തിരഞ്ഞെടുക്കുന്നത്.

ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഈ അന്താരാഷ്ട്ര വേദിയിലെത്തിയത്. ജയ്പൂരില്‍ നടന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം കുറിച്ചുകൊണ്ടാണ് കെസിയ മിസ് യൂണിവേഴ്‌സ് മത്സരത്തിന് യോഗ്യത നേടിയത്. മിസ്സ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തില്‍ കിരീടം ചൂടുന്ന ആദ്യ മലയാളി പെണ്‍കുട്ടിയാണ് കെസിയ.

ആത്മവിശ്വാസവും അറിവും സൗന്ദര്യവും ഒത്തുചേര്‍ന്ന ഈ പത്തൊന്‍പതുകാരി ഇതിനകം തന്നെ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. പതിനേഴാം വയസ്സില്‍ മിസ് ടീന്‍ ദിവ 2024 പട്ടവും, മിസ് ടീന്‍ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പ് പദവിയും നേടിയാണ് കെസിയ റാംപില്‍ വിജയങ്ങള്‍ തുടര്‍ക്കഥയാക്കിയത്. മികച്ച നര്‍ത്തകി കൂടിയായ കെസിയ നിലവില്‍ ബംഗളൂരുവില്‍ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement